'നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്'; പാക്കിസ്താനിലെ പ്രളയക്കെടുതിയിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി
29 Aug 2022 10:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: പാക്കിസ്താനിലെ കനത്ത മഴയിലും പ്രളയത്തിലും ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്താനിലെ അവസ്ഥ അറിയുമ്പോൾ ദുഃഖമുണ്ട്. രാജ്യം എത്രയും വേഗം സാധാരണ നിലയിൽ തിരിച്ചെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'പാകിസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ ഇരയായവരുടെയും പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും കുടുംബങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാജ്യം സാധാരണ നിലയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Saddened to see the devastation caused by the floods in Pakistan. We extend our heartfelt condolences to the families of the victims, the injured and all those affected by this natural calamity and hope for an early restoration of normalcy.
— Narendra Modi (@narendramodi) August 29, 2022
അതേസമയം പാകിസ്താനിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. പേമാരിയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 33 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ധനമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നതനുസരിച്ച്, വെള്ളപ്പൊക്കം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകരാറിലാക്കി. ഏകദേശം 10 ബില്യൺ ഡോളറോളം നഷ്ടം സംഭവിച്ചു. ദുരന്തത്തിൽ ആകെ 1,600 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 1,051,570 വീടുകൾക്ക് പൂർണ്ണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു.
STORY HIGHLIGHTS: P M Narendra modi expressed his sadness over destruction wrought by floods in Pakistan