Top

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡ്; 100ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍, പ്രതിഷേധം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്

22 Sep 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡ്; 100ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍, പ്രതിഷേധം
X

തിരുവനന്തപുരം: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെ 100ല്‍ അധികം പേര്‍ കസ്റ്റഡിയില്‍. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നൂറോളം ഇടങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ എന്‍ഐഎ റെയ്ഡ് നടത്തിയത്.

കേരളത്തില്‍ നിന്ന് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കം 22 നേതാക്കളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലായിരുന്നു പുലര്‍ച്ചെ കേന്ദ്ര അന്വേഷണം ഏജന്‍സിയുടെ റെയ്ഡ്. കേരളത്തിലും ഡല്‍ഹിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു നടപടി. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്.

അന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു.

Story Highlights: Over 100 Arrested In NIA Raids Against Popular Front Of India

Next Story