ലഖിംപൂര്‍: അജയ് മിശ്ര ക്രിമിനലെന്ന് രാഹുല്‍ ഗാന്ധി, പുറത്താക്കണം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
16 Dec 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകം സംബന്ധിച്ച വിഷയത്തില്‍ പ്രക്ഷുബ്ദമായി പാര്‍ലമെന്റ്. കൂട്ടക്കൊല ആസൂത്രിതമാണെന്ന അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയാണ് പാര്‍ലമെന്റ് പ്രക്ഷുബ്ദമായത്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക് സഭയും രണ്ട് മണിവരെ നിര്‍ത്തിവച്ചു.
കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ആയിരുന്നു ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണം, അവിടെ മന്ത്രിയുടെ പങ്കുണ്ട്, അത് ഗൂഢാലോചനയാണെന്ന് പറയപ്പെടുന്നു. കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി രാജിവച്ച് ശിക്ഷിക്കപ്പെടണം. എന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി അജയ് മിശ്ര ക്രിമിനല്‍ ആണെന്നും കുറ്റപ്പെടുത്തി.
കര്‍ഷകരെ മനപൂര്‍വം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ഷകര്‍ക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമായിരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഘം ഇക്കാര്യം അറിയിച്ചിരുന്നത്.
പിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്കെതിരെ വധശ്രമത്തിനും കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുളള വകുപ്പുകള്‍ ആശിഷ് മിശ്രയ്ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു. കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രയ്ക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. അമിതവേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധമൂലം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പിന്‍വലിച്ചാണ് എഫ്ഐആര്‍ പുതുക്കിയത്. കേസിലുള്‍പ്പെട്ട മറ്റ് 12 പ്രതികള്‍ക്കെതിരേയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.