Top

'ഒരു ദുഷിച്ച മനസിനേ ഇങ്ങനെയൊക്കെ പറയാനാകൂ'; അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ്

വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

6 Aug 2022 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ദുഷിച്ച മനസിനേ ഇങ്ങനെയൊക്കെ പറയാനാകൂ; അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ്
X

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേന്ദ്രമന്ത്രിയുടെ പ്രതികരണം ദുഷിച്ച മനസ്സിന് മാത്രം സാധിക്കുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലാഴ്മ, ജിഎസ്ടി തുടങ്ങിയവയ്‌ക്കെതിരായ ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാനും ധ്രൂവീകരിക്കാനുമുള്ള ശ്രമമാണിതെന്നും മുന്‍ കേന്ദ്രമന്ത്രി ട്വീറ്റില്‍ വിമര്‍ശിച്ചു.

'വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ജിഎസ്ടിക്കുമെതിരെ കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യ സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍, വിദ്വേഷകരമായ വഴി തിരിച്ചുവിടാന്‍, ധ്രുവീകരിക്കാന്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി നടത്തിയ വിഫല ശ്രമം. ഒരു ദുഷിച്ച മനസിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങള്‍ ഉന്നയിക്കാനാകൂ. സമരങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടെന്ന് വ്യക്തം,' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തേക്കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അമിത് ഷാ, 2020ല്‍ ഇതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയതിന്റെ എതിര്‍പ്പ് അറിയിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയെന്ന് ആരോപിച്ചു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ് നടപടികളും വിലക്കയറ്റവും ഒക്കെ മുടന്തന്‍ ന്യായങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചുള്ള പ്രതിഷേധം രാമഭക്തരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിക്കുകയുണ്ടായി.

അമിത് ഷായുടേയും യോഗിയുടേയും വാദങ്ങളോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. വിലക്കയറ്റം ജനങ്ങളുടെ മേല്‍ ഉണ്ടാക്കുന്ന ഭാരത്തിനെതിരെ പോരാടുന്നതിന് ശ്രീരാമന്‍ കാണിച്ചു തന്ന പാതയാണിത്. വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുന്നവരെ മോശമായി ചിത്രീകരിക്കുന്നവന്‍ ശ്രീരാമനെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കുന്നുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Story highlights: 'Only an evil mind can say such things'; Congress against Amit Shah

Next Story