Top

ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്; ഇന്ത്യയിലെ എട്ടാമത്തെ കേസ്

ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരനായ നൈജീരിയൻ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.

2 Aug 2022 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്; ഇന്ത്യയിലെ എട്ടാമത്തെ കേസ്
X

ന്യൂഡൽഹി: ഡൽഹിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരനായ നൈജീരിയൻ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇയാൾ വിദേശ യാത്രകളൊന്നും നടന്നിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മങ്കിപോക്സ് കേസാണിത്. ഇതോടെ ഇതുവരെ ഇന്ത്യയിൽ രേഖപ്പെടുത്തിയ മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി. ഇതിൽ അഞ്ച് പേരും വിദേശയാത്ര നടത്തിയവരാണ്. എന്നാൽ, വിദേശ യാത്ര നടത്താത്ത നൈജീരിയകാരന് എങ്ങനെ മങ്കിപോക്സ് വന്നു എന്നതിൽ വ്യക്തതയില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത എട്ടിൽ അഞ്ച് കേസും കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയതത് കേരളത്തിലാണ്. യുഎഇയിൽ നിന്ന് ശനിയാഴ്ച്ച എത്തിയ 22 കാരനാണ് മരിച്ചത്. ഇയാൾ മരിച്ചതിന് ശേഷമാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്ന് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരും മറച്ചുവെയ്ക്കരുതെന്നും, ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. നിലവില്‍ രോഗബാധിതരായ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. 20 പേരാണ് സംസ്ഥാനത്ത് ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്.

Story highlights: One more monkeypox in Delhi; 8th case in India

Next Story