Top

ആശങ്ക വിതച്ച് ഒമിക്രോൺ; ഡൽഹിയിൽ കർഫ്യൂ, മുംബൈ ലോക്ഡൗണിലേക്ക്

നിലവിൽ ദിനംപ്രതി 8,082 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്

4 Jan 2022 3:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശങ്ക വിതച്ച് ഒമിക്രോൺ; ഡൽഹിയിൽ കർഫ്യൂ, മുംബൈ ലോക്ഡൗണിലേക്ക്
X

മുംബൈ: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ന​ഗരങ്ങളെല്ലാം ജാ​ഗ്രതയിൽ. മുംബൈയും ഡെൽഹിയുമാണ് പ്രധാനമായും അതീവ ജാ​ഗ്രതയിലേക്ക് നീങ്ങുന്നത്. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കഴിഞ്ഞു. സമീപ ദിവസങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുകയാണെ​ങ്കിൽ മുംബൈ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വാരന്ത്യ കർഫ്യൂ കൂടാതെ ഡൽഹിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിന കോവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്താതെ നിവൃത്തിയില്ലെന്നാണ് മുംബൈ മേയർ കിഷോരി പട്‌നേക്കർ നേരത്തെ അഭിപ്രായപ്പെട്ടത്. മിനി ലോക്ഡൗണിന്റെ സാധ്യത ഉപയോ​ഗിക്കുമെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഉടൻ ഉന്നതല യോ​ഗം വിളിക്കാനും സാധ്യതയുണ്ട്. നിലവിൽ ദിനംപ്രതി 8,082 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒമിക്രോൺ കേസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 40 പുതിയ ഒമിക്രോൺ കേസുകളാണ് ന​ഗര പരിധിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദിനംപ്രതി കൊവിഡ് രോഗ ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ ഡൽഹിയിലുമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4099 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് ക്രെജിരിവാളിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നേരിട്ട് ഹിയറിങ്ങുകൾ സുപ്രീംകോടതി നിർത്തിവെച്ചിട്ടുണ്ട്. ജനുവരി മൂന്നുമുതൽ രണ്ടാഴ്ച്ചത്തേക്ക് കോടതി ചേരുന്നത് ഓൺലൈൻ വഴിയായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

നേരത്തെ 2020 ൽ കൊവിഡ് ലോക്ക്ഡൗണിന് ശേഷം നേരിട്ടുള്ള ഹിയറിംങുകൾ സുപ്രീംകോടതി നിർത്തിവെച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴുമുതൽ പരിഷ്‌ക്കരിച്ച സ്റ്റാൻഡേർഡ് പ്രവർത്തന നടപടി പ്രകാരം ബുധനാഴ്ച്ചകളിലും വ്യാഴാഴ്ച്ചകളിലും നേരിട്ടും ചൊവ്വാഴ്ച്ച ഓൺലൈൻ വഴിയുമാണ്മാണ് സുപ്രീംകോടതി ചേർന്നിരുന്നത്. നിലവിലെ എസ്ഒപി സസ്‌പെന്റ് ചെയ്താണ് പുതിയ പ്രവർത്തന മാനദണ്ഡം സുപ്രീംകോടതി പ്രഖ്യാപിക്കുന്നത്. പരിഷ്‌ക്കരിച്ച എസ്ഒപി പ്രകാരം ജനുവരി മൂന്ന് മുതൽ രണ്ടാഴ്ച്ചത്തേക്ക് കോടതി ചേരുന്നത് ഓൺലൈൻ വഴിമാത്രമാകുമെന്നാണ് സുപ്രീം കോടതി സർക്കുലർ വ്യക്തമാക്കുന്നത്. ക്രസ്തുമസ്സ് അവധിക്ക് ശേഷം തിങ്കളാഴ്ച്ച കോടതി ചേരാനിരിക്കെയാണ് സുപ്രീംകോടതിയുടെ പുതിയ തീരുമാനം പുറത്തുവരുന്നത്.

കേരളത്തിലും നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാചര്യത്തിൽ മുൻകരുതൽ ശക്തമാക്കുന്നു. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിയിലെ ജന പങ്കാളിത്തത്തിന് നിയന്ത്രണം ഏപ്പെടുത്തും. പൊതുപരിപാടികളിൽ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

എയർപോർട്ടുകളിൽ പരിശോധന ശക്തിപ്പെടുത്തും. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന കർശനമാക്കാനും നിർദേശിച്ചു. അതേസമയം, ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും യോഗം നിർദേശിച്ചു. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

സംസ്ഥാനത്തെ ഒമിക്രോൺ കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

എന്നാൽ കൊവിഡ് വാക്‌സിനേഷൻ ഉൾപ്പെടെ സംസ്ഥാനം ഏറെ മുന്നിൽ ആണെന്നതാണ് ആ്ശ്വാസകരമായ വസ്തുത. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

Next Story