Top

ഒമിക്രോണ്‍: 'യാത്രാവിലക്കുകൊണ്ട് കാര്യമില്ല, ബൂസ്റ്റര്‍ ഡോസ് സഹായിച്ചേക്കും', ആരോഗ്യവിദഗ്ദന്‍ ഡോ. ആശിഷ് കെ ജാ

യാത്രാ നിരോധനത്തിന് പകരം യാത്രാസുരക്ഷ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ഡോ. ആശിഷ് കെ ജാ

3 Dec 2021 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍: യാത്രാവിലക്കുകൊണ്ട് കാര്യമില്ല, ബൂസ്റ്റര്‍ ഡോസ് സഹായിച്ചേക്കും, ആരോഗ്യവിദഗ്ദന്‍ ഡോ. ആശിഷ് കെ ജാ
X

അതിവ്യാപന ശേഷിയുള്ള കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നിയന്ത്രിക്കാന്‍ യാത്രാവിലക്കുകള്‍ ഫലപ്രദമാകില്ലെന്ന് ആരോഗ്യ വിഗദ്ഗന്‍ ആശിഷ് കെ ജാ. ഇന്ത്യ ടുഡേ അഭിമുഖത്തിലാണ് ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് മേധാവിയായ ആശിഷ് കെ ജാ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കൊവിഡ് വാക്സിന്‍ ബൂസ്റ്റർ ഡോസുകള്‍ക്ക് രോഗ തീവ്രത കുറയ്ക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പുതിയ വാക്സിനുകള്‍ അവതരിപ്പിക്കപ്പെടുന്നത് നല്ലതാണ്. എന്നാല്‍ നിലവില്‍ ഇന്ത്യക്ക് മറ്റൊരു വാക്സിന്റെ ആവശ്യമില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, മറ്റ് രോഗ ബാധയുള്ളവർ ഉള്‍പ്പെടുന്ന ഹെെ റിസ്ക് കാറ്റഗറിയിലുള്ളവരില്‍ രോഗ തീവ്രത കുറക്കാന്‍ ബൂസ്റ്റർ ഡോസ് സഹായിച്ചേക്കും. വാക്സിനുകളുടെ ഫലപ്രാപ്തിയില്‍ എത്ര കാലയളവിനുള്ളില്‍ മാറ്റം വരുമെന്ന് മനസിലാക്കാനുള്ള പഠനങ്ങള്‍ തുടരുന്ന പക്ഷം ബൂസ്റ്റർ ഡോസിനെ ആശ്രയിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരുടെ സഞ്ചാരം തടയാനാകില്ല. രോഗവ്യാപനം രൂക്ഷമായ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപനം കുറയ്ക്കാന്‍ യാത്രാവിലക്ക് സഹായിച്ചേക്കാം. എന്നാല്‍ മറ്റിടങ്ങളിലെ സാഹചര്യം അതല്ല. യാത്രാ നിരോധനത്തിന് പകരം യാത്രാസുരക്ഷ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണെന്ന് നിരീക്ഷിക്കപ്പെടുന്ന ഒമിക്രാണില്‍ ആശങ്കയ്ക്ക് വകയുള്ള ഒന്നിലധികം ഘടകങ്ങളുള്ളതിനാല്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും ഡോ. ആശിഷ് കെ ജാ ചൂണ്ടിക്കാട്ടി.

'വകഭേദത്തെ സംബന്ധിച്ച് 'രോഗവ്യാപന സാധ്യത, രോഗ തീവ്രത, വാക്സിനുകളുടെ ഫലപ്രാപ്തി' എന്നിങ്ങനെ മൂന്ന് കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടത്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ അതിവേഗ വ്യാപനശേഷിയാണ് (ഡെല്‍റ്റ് വ്യാപനത്തേക്കാള്‍ മുകളില്‍) ഒമിക്രോണിനുള്ളതെന്ന് കാണാം. രോഗ തീവ്രത സംബന്ധിച്ച് നിലവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഒമിക്രോണിന് ചെറിയ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. വാക്സിന്‍ വിഷയത്തില്‍ ആശ്രയിക്കാവുന്ന ഡാറ്റ ലഭ്യമല്ല എന്നതാണ് ആശങ്ക. അടുത്ത ഒരാഴ്ചയിലോ പത്ത് ദിവസത്തിനുള്ളിലോ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്'- എന്നും അദ്ദേഹം പറഞ്ഞു.


Next Story