Top

ഒമിക്രോൺ വ്യാപനം; അഞ്ച് സംസ്ഥാനങ്ങളുടെ അവലോ​കന യോ​ഗം വിളിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി

ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോ​ഗം വിളിച്ചിരിക്കുന്നത്

29 Jan 2022 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോൺ വ്യാപനം; അഞ്ച് സംസ്ഥാനങ്ങളുടെ അവലോ​കന യോ​ഗം വിളിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി
X

രാജ്യത്തെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളുടെ അവലോ​കന യോ​ഗം വിളിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ, മുൻകരുതൽ നടപടികൾ, പൊതുജനാരോ​ഗ്യ തയ്യാറെടുപ്പുകൾ എന്നിവ യോ​ഗത്തിൽ വിലയിരുത്തും. ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോ​ഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് യോ​ഗം.

ഇന്നലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോ​ഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രി ഉന്നതതല അവലോക യോ​ഗം നടത്തിയിരുന്നു. കേരളാ ആരോ​ഗ്യമന്ത്രി വീണാ ജോർജ്, കര്‍ണാടക ആരോ​ഗ്യമന്ത്രി കെ സുധാകര്‍, എം സുബ്രഹ്‌മണ്യം (തമിഴ്‌നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവർ ഇന്നലെ ചേർന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇ-സഞ്ജീവനി, ടെലികണ്‍സള്‍ട്ടേഷന്‍, മോണിറ്ററിംഗ് ഹോം ഐസൊലേഷന്‍, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്തിരുന്നു. 15-17 വയസുളളവരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനും, രണ്ടാം ഡോസ് വാക്സിനേഷൻ വേ​ഗത്തിലാക്കുന്നതിനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രി നിർദേശിച്ചു. കൊവിഡ് ബാധിതർ ഹോക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

Next Story