Top

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 415, 115 പേര്‍ക്ക് രോഗമുക്തി; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും

മഹാരാഷ്ട്രയില്‍ 108 പേര്‍ക്കും ഡല്‍ഹിയില്‍ 79 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്.

25 Dec 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 415, 115 പേര്‍ക്ക് രോഗമുക്തി; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും
X

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 415 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ ബാധിതരായ 115 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മഹാരാഷ്ട്രയില്‍ 108 പേര്‍ക്കും ഡല്‍ഹിയില്‍ 79 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്.

കേരളത്തില്‍ ഇതുവരെ 37 കേസുകളും, തമിഴ്‌നാട്ടില്‍ 34, ഗുജറാത്ത് 43, തെലങ്കാന 38, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലില്‍ ഇതുവരേയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, 24 മണിക്കൂറിനുളളില്‍ 7189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 387 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,79,520 ആയി.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, കര്‍ണാടക, മിസോറാം, മാഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കേരളത്തിലേയും മിസോറാമിലേയും കൊവിഡ് നിരക്കുകള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് നല്‍കിയത് കൊണ്ടു മാത്രം ഒമിക്രോണിനെ തടഞ്ഞു നിര്‍ത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യമെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളും ആള്‍കൂട്ടങ്ങളും ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. അവശ്യമായ ഓക്സിജന്‍ ഉറപ്പുവരുത്താനും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 60 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

അതേസമയം, രാജ്യത്തെ എട്ടു നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനം നടന്നതായി സംശയമുണ്ട്. മുംബൈ, പൂനെ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളിലാണ് ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നത്.

അതിനിടെ സാമൂഹിക വ്യാപനം നടന്നുവെന്ന് സംശയിക്കപ്പെടുന്ന എട്ടു നഗരങ്ങളിലും എല്ലാ കൊവിഡ് പൊസിറ്റീവ് കേസുകള്‍ക്കും ജനിതക പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വന്‍ നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നു എന്ന് കാണിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധ്യക്ഷന്‍ സുര്‍ജിത് കുമാര്‍ സിങ് ഏഴു സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

Next Story