Top

ഇന്ത്യയിൽ കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന നിരക്ക് രണ്ടര ലക്ഷത്തിലേക്ക്

കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം വർ​ദ്ധനവാണ് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്

13 Jan 2022 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിൽ കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന നിരക്ക് രണ്ടര ലക്ഷത്തിലേക്ക്
X

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോ​ഗികൾ എണ്ണത്തിൽ ​ഗണ്യമായി വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടര ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോ​ഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോ​ഗ്യമന്ത്രാലയത്തിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡെൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികൾ ആശങ്കയിലാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപനവും നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം വർ​ദ്ധനവാണ് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോ​ഗത്തിന് ശേഷം പ്രധാനമന്ത്രി നിർണായക തീരുമാനങ്ങളെടുത്തേക്കുമെന്നും സൂചനയുണ്ട്.

അതേസമയം 24 മണിക്കൂറിൽ 84,825 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം പകുതിയിൽ കുറവാണ്. ,488 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

കേരളത്തിൽ സ്കൂളുകൾ അടയ്ക്കുന്നത് പരി​ഗണനയിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഔദ്യോ​ഗിക ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ ചേരുന്ന കൊവിഡ് അവലോകന യോ​ഗത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ഇക്കാര്യം പരി​ഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും വിദ്യാർത്ഥികളിൽ രോ​ഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോ​ഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും, സ്കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്. തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേർന്നത്. സ്‌കൂളുകൾ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നെങ്കിലും കടുത്ത നിയന്ത്രണങ്ങൾ തീരുമാനിച്ചിരുന്നില്ല. അതേസമയം സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരുന്നു.

Next Story

Popular Stories