'അങ്ങനെയൊരു പദ്ധതിയില്ല', കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
11 Feb 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ച വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരികെകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്രസിംഗ് തോമര്‍. രാജ്യ സഭയില്‍ ആയിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം. ഭാവിയില്‍ ഈ നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നരേന്ദ്രസിംഗ് തോമറിന്റെ മറുപടി.
പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിനുള്ള സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറാണ് ഇനി നടത്തേണ്ടതെന്നും അദ്ദേഹം പാര്‍ലിമെന്റിനെ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. സമരത്തിലുള്ള കര്‍ഷകരെ നിയമങ്ങളുടെ ആവശ്യകത ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു അന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താനാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തിയാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്നും കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് നിയമങ്ങള്‍ പിന്വലിച്ചതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.