Top

'പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാം'; നിതീഷ് കുമാര്‍ സിപിഐഎം ആസ്ഥാനത്ത്, യെച്ചൂരിയുമായി കൂടിക്കാഴ്ച

പ്രതിപക്ഷ ഐക്യമാണ് പ്രധാനമെന്ന് യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍

6 Sep 2022 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാം; നിതീഷ് കുമാര്‍ സിപിഐഎം ആസ്ഥാനത്ത്, യെച്ചൂരിയുമായി കൂടിക്കാഴ്ച
X

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് നിതീഷ് കുമാറിന്റെ ഡല്‍ഹി സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി എന്നിവരുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിപക്ഷ ഐക്യമാണ് പ്രധാനമെന്ന് യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍ പ്രതികരിച്ചു. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാം. സിപിഐഎമ്മുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മതേതരപാര്‍ട്ടികളുടെ ഐക്യമാണ് പ്രധാനമെന്ന് സീതാറാം യെച്ചൂരിയും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഇതിനായുള്ള ശ്രമമുണ്ടാകും. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം. ഇത് മതേതര- ജനാധിപത്യ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്. ഇതിനുള്ള ക്രമീകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നീക്കങ്ങള്‍, അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ലക്ഷ്യമിട്ട് കൂടിയാണെന്നാണ് വിലയിരുത്തുന്നത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെയും അദ്ദേഹം കാണുന്നുണ്ട്.

പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് രാഹുലും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയായത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് നിതീഷ് കുമാര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

Story Highlights: Nitish Kumar Met With Sitaram Yechuri In Delhi

Next Story