Top

'നിതീഷ് കുമാറിന് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പേടി'; രൂക്ഷവിമര്‍ശനവുമായി ചിരാഗ് പാസ്വാന്‍

ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നതകള്‍ക്കുള്ള കാരണങ്ങള്‍ അന്വേഷിച്ച് പുറത്ത് പോകേണ്ടതില്ലെന്ന് ചിരാഗ് പാസ്വാന്‍.

8 Aug 2022 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിതീഷ് കുമാറിന് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പേടി; രൂക്ഷവിമര്‍ശനവുമായി ചിരാഗ് പാസ്വാന്‍
X

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക് ജനശക്തി അധ്യക്ഷനും എംപിയുമായ ചിരാഗ് പാസ്വാന്‍. ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നതകള്‍ക്കുള്ള കാരണങ്ങള്‍ അന്വേഷിച്ച് പുറത്ത് പോകേണ്ടതില്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ലോക്‌സഭയില്‍ എംപിക്കെതിരെ ദേശിയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മറുപടി പറയുകയായിരുന്നു ചിരാഗ് പാസ്വാന്‍.

'ഞാന്‍ ഒരു പോസിറ്റീവ് രാഷ്ട്രീയമാണ് ചെയ്യുന്നത്. ഞാന്‍ ഒരു മോഡല്‍ അല്ല. മറ്റൊരാളുടെ വീട് തകര്‍ത്തയാളുടെ വീട്ടില്‍ പിളര്‍പ്പ് ഉണ്ടാകുമ്പോള്‍ കാരണങ്ങള്‍ അന്വേഷിച്ച് പുറത്ത് പോകരുത്. നിതീഷ് കുമാറിന് 2020ല്‍ തുടങ്ങിയ ആശയക്കുഴപ്പം ഇപ്പോഴുമുണ്ട്. അദ്ദേഹത്തെ തോല്‍പ്പിച്ചത് ചിരാഗ് പാസ്വാനല്ല, ബിഹാറിലെ 13 കോടി ജനങ്ങളാണ്. അന്ന് ഞാന്‍ ജനവികാരങ്ങളുടെ പ്രതിനിധി കൂടിയായിരുന്നു, ഇന്നും ഞാനുണ്ട്'.പാസ്വാന്‍ പറഞ്ഞു.

2024 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയാണ് നിതീഷ് കുമാറിനെന്നും അദ്ദേഹം ആരോപിച്ചു. കംസന്‍ ദേവകിയുടെ എല്ലാ പുത്രന്മാരെയും കൊല്ലാന്‍ ആഗ്രഹിച്ചതു പോലെ, തന്നെയും രാമ ചന്ദ്ര പ്രസാദ് സിങ്ങിനെയും ആക്രമിക്കുകയാണെന്നും ചിരാഗ് പാസ്വാന്‍ ആരോപിക്കുന്നു.

അതേസമയം,അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ആര്‍സിപി സിംഗ് ജെഡിയു വിട്ടിരുന്നു. 'മുങ്ങുന്ന കപ്പല്‍' എന്നാണ് രാജിക്ക് പിന്നാലെ ആര്‍സിപി സിംഗ് ജെഡിയുവിനെ വിശേഷിപ്പിച്ചത്. ഇതിനു മറുപടിയായി ചിലര്‍ ജെഡിയുവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ചിരാഗ് പാസ്വാന്‍ മോഡലിനെപ്പോലെ മറ്റൊരു മോഡല്‍ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണെന്നും ലാലന്‍ സിംഗ് ആരോപിച്ചു. ബിജെപി പാര്‍ട്ടിക്കെതിരെ സഖ്യമുണ്ടാക്കുകയാണെന്ന് ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ് ആരോപണങ്ങളോട് പ്രതികരിച്ചു.

'ആര്‍സിപി സിംഗ് തന്റെ മൂക്കിന് താഴെ അഴിമതി നടത്തിയിരുന്നുവെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ ഭരണം നല്ലതാണെന്നാണ് പറയുന്നത്. ഇത് ബീഹാറിലെ ജനങ്ങളോടുള്ള തികഞ്ഞ വഞ്ചനയാണ്, ഇതിന് ബീഹാറിലെ ജനങ്ങള്‍ക്ക് ഉത്തരം നല്‍കൂ' എന്നും ആര്‍സിപി സിംഗിനോട് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ചത്തെ നിതി ആയോഗ് യോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ഇത് എന്‍ഡിഎ സഖ്യകക്ഷികള്‍ തമ്മില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. ജുലൈ 17ന് ശേഷം കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലാമത്തെ നിതി ആയോഗ് യോഗത്തില്‍ നിന്നാണ് ജെഡിയു തലവന്‍ വിട്ടുനിക്കുന്നത്.

നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പരസ്പരം സമ്പര്‍ക്കത്തിലാണെന്നും ഓഗസ്റ്റ് 11ന് മുമ്പ് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുവരും ശ്രമിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. രാഷ്ട്രീയ ജനതാദളിന് നിതീഷ് കുമാറിനോടുള്ള നിലപാട് മയപ്പെടുക്കയും, എല്ലാ വക്താക്കളെയും അദ്ദേഹത്തിനെതിരെ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

Story Highlights: 'Nitish Kumar is afraid of losing the election'; Chirag Paswan with severe criticism.

Next Story