'ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധം'; ഛോട്ട ഷക്കീലിന്റെ അനുയായികളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
13 May 2022 12:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ രണ്ട് അനുയായികളെ മുംബൈയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഛോട്ട ഷക്കീലിന്റെ അനുയായികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആരിഫ് അബൂബക്കര്‍, ഷക്കീര്‍ അബൂബക്കര്‍ ഷെയ്ഖ് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്.
പടിഞ്ഞാറന്‍ മുബൈയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തിയെന്ന കുറ്റമാണ് പിടിയിലാവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ രണ്ടുപേരെയും എന്‍ഐഎ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഛോട്ടാ ഷക്കീലിനെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്താന് ആസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിമിനല്‍ സിന്റിക്കേറ്റ് പ്രവര്‍ത്തിപ്പിക്കുന്നതായും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് വ്യാപാരം, കള്ളക്കടത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഛോട്ടാ ഷക്കീലുള്പ്പടെയുള്ള അധോലോകസംഘം നടത്തുന്നതെന്ന് എന്‍ഐഎ പറഞ്ഞു.
STORY HIGHLIGHTS: NIA has arrested two aides of gangster Chhota Shakeel
- TAGS:
- Dawood Gang
- Chhota Shakeel
- NIA