Top

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക് ആശുപത്രിയിൽ

ചില ആരോ​ഗ്യ പ്രശ്നങ്ങളാൽ മാലിക്കിനെ മുംബെെയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു

25 Feb 2022 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക് ആശുപത്രിയിൽ
X

ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക് ആശുപത്രിയിൽ. ചില ആരോ​ഗ്യ പ്രശ്നങ്ങളാൽ മാലിക്കിനെ മുംബെെയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു.

ഇ ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ഇഡി കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.

1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ചായിരുന്നു ഇഡി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മാലിക് സഹകരിച്ചില്ലെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. താൻ ഭയപ്പെടുന്നില്ലെന്നും പോരാടി വിജയിക്കുമെന്നും അറസ്റ്റിന് ശേഷം മാലിക് പറഞ്ഞിരുന്നു.

അതേസമയം മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാജി വെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഇക്കാര്യത്തില്‍ ഒരേ തീരുമാനമെടുത്തു.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ചോദ്യം ചെയ്യുന്നവരെ ഉപദ്രവിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു മാലിക്കിന്റെ അറസ്റ്റില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികള്‍ മുസ്‌ലിങ്ങളാണെങ്കില്‍ അവരെ ദാവൂദുമായി ബന്ധപ്പെടുത്തുന്നത് ഇവരുടെ ശീലമാണെന്നും പവാര്‍ കുറ്റപ്പെടുത്തി.

STORY HIGHLIGHTS: Nawab Malik hospitalised in Mumbai

Next Story