Top

'സമീര്‍ വാങ്കെഡെ മുംബെെ മയക്കുമരുന്ന് മാഫിയ തലവന്‍; നിയമിച്ചത് ഫഡ്നാവിസ്', ചിത്രങ്ങളടക്കം ആരോപണങ്ങളുമായി നവാബ് മാലിക്

1 Nov 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമീര്‍ വാങ്കെഡെ മുംബെെ മയക്കുമരുന്ന് മാഫിയ തലവന്‍; നിയമിച്ചത് ഫഡ്നാവിസ്, ചിത്രങ്ങളടക്കം ആരോപണങ്ങളുമായി നവാബ് മാലിക്
X

എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയ്ക്കെതിരെ പുതിയ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. മുംബൈ മയക്കുമരുന്ന് റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ സമീർ വാങ്കഡെയാണെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് സമീര്‍ വാങ്കെഡെയുടെ പിന്നിലെന്നുമാണ് എന്‍സിപി നേതാവിന്റെ പുതിയ ആരോപണം.

മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാഫിയ ജയദീപ് റാണയുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും ബിജെപി നേതാവിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് പാടിയ 2018-ലെ 'മുംബെെ റിവർ ആന്ത'ത്തിന് ജയദീപ് റാണ സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു എന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. ആരോപണത്തെ സാധൂകരിക്കാന്‍ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് മന്ത്രി ആരോപണമുയർത്തിയിരിക്കുന്നത്.


ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണത്തിന് കീഴിലാണ് മുംബെെയിലെ ലഹരി മാഫിയ വളർന്നതെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നവാബ് മാലിക് ഉയർത്തിയത്. അതേസമയം, തനിക്കല്ല നവാബ് മാലിക്കിനാണ് അധോലോക ബന്ധങ്ങളുള്ളതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചടിച്ചു. ദീപാവലിക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് ഫഡ്നാവിസിന്റെ വെല്ലുവിളി.

നവാബ് മാലിക് പുറത്തുവിട്ട ചിത്രങ്ങള്‍ 'റിവർ മാർച്ച്' എന്ന സംഘടന നിയമിച്ച വ്യക്തിയുടേതാണെന്നാണ് ഫഡ്നാവിസിന്റെ വിശദീകരണം. ഈ വ്യക്തി താനും ഭാര്യ അമൃതയും അടക്കം പലരുമായും ചിത്രങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം അറസ്റ്റിലായ മുംബെെ മയക്കുമരുന്ന് കേസ് സമീർ വാങ്കഡെയുടെ നേതൃത്വത്തില്‍ എന്‍സിബി കെട്ടിചമച്ചതാണെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ഇതിന്റെ തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങളാണ് മന്ത്രി ഇതിനകം ഉയർത്തിയിരിക്കുന്നത്. തന്റെ മകളുടെ അടക്കം ഫോണ്‍ ചോർത്തുന്നതിന് സമീർ വാങ്കഡെ ശ്രമിച്ചു എന്നും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലിയില്‍ നിയമനം നേടിയതന്നെടക്കം ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നവാബ് മാലിക്ക് പുറത്തുവിട്ടത്.

ഇതിനിടെ വാങ്കെഡെയെ പിന്തുണച്ച് ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസിനെതിരെ ആരോപണവുമായി നവാബ് മാലിക് രംഗത്തെത്തുന്നത്.

Next Story