Top

ചന്നിയുടെ മകന്റെ വിവാഹത്തിലും പങ്കെടുത്താതെ സിദ്ദു; പഞ്ചാബ് 'പ്രതിസന്ധി' അവസാനിക്കുന്നില്ല

ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത് കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

11 Oct 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്നിയുടെ മകന്റെ വിവാഹത്തിലും പങ്കെടുത്താതെ സിദ്ദു; പഞ്ചാബ് പ്രതിസന്ധി അവസാനിക്കുന്നില്ല
X

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ മകന്റെ വിവാഹത്തില്‍ നിന്ന് വിട്ടുനിന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. മൊഹാലിയിലെ ഗുരുദ്വാരയില്‍ ഞായറാഴ്ച്ച നടന്ന ലളിതമായ ചടങ്ങിലാണ് ചന്നിയുടെ മകനായ നവജിത് സിങ് വിവാഹിതനായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നിയമസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സിദ്ദുവിന്റെ അഭാവം കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധികള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം സിദ്ദു കഴിഞ്ഞ ദിവസം വൈഷ്ണവ ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് ആത്മാവിലെ അഴുക്ക് കഴുകിക്കളയാനാണ് തന്റെ ക്ഷേത്ര ദര്‍ശനമെന്ന് സിദ്ദു ചിത്രത്തിനൊപ്പം കുറിച്ചു.

ചന്നിയുടെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് റദ്വാന തുടങ്ങീ പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്‍ജിനീയറിംങ് ബിരുദദാരിയായ സിമ്രാന്ദീര്‍ കൗറാണ് നവജിത് സിങിന്റെ വധു.

ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത് കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ചന്നി നടത്തിയ ചില നിയമനങ്ങളാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് സിദ്ദു തന്റെ രാജി പിന്‍വലിക്കുകയും ചെയ്തു. അതിനിടെയാണ് ചന്നിയുടെ മകന്റെ വിവാഹത്തില്‍ നിന്ന് സിദ്ദു വിട്ടുനിന്നത്. പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ദു-ചന്നി പോര്‍ മുഖം തുറക്കുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Next Story

Popular Stories