Top

ഗുഡ്ഗാവില്‍ പൊതുയിടങ്ങളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥന അനുവദിക്കില്ല; ഹരിയാന മുഖ്യമന്ത്രി

എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാര മാര്‍ഗ്ഗത്തിനുവേണ്ടി ഗുഡ്ഗാവ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

11 Dec 2021 7:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുഡ്ഗാവില്‍ പൊതുയിടങ്ങളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥന അനുവദിക്കില്ല; ഹരിയാന മുഖ്യമന്ത്രി
X

ഗുഡ്ഗാവില്‍ മുസ്ലീം വിശ്വാസികള്‍ നടത്തുന്ന വെള്ളിയാഴ്ച്ച പ്രാര്‍ഥന പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ച് ഹിന്ദു-മുസ്ലീം മതവിഭാഗങ്ങള്‍ തമ്മില്‍ അടുത്തിടെ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥന ഗുഡ്ഗാവില്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത്. 2018-ല്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അനുവദിക്കപ്പെട്ട പൊതുസ്ഥലങ്ങളില്‍ മാത്രം പ്രാര്‍ഥന നടത്താനുണ്ടായിരുന്ന ധാരണയും പൂര്‍ണ്ണമായും ഇതോടെ പിന്‍വലിക്കപ്പെട്ടു.

ഒരു മത വിഭാഗത്തിന്റേയും അവകാശങ്ങളിലേക്ക് കടന്നുകയറാതെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാര മാര്‍ഗ്ഗത്തിനുവേണ്ടി ഗുഡ്ഗാവ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുവരെ വീടുകളിലും പള്ളികളിലുമായി വിശ്വാസികള്‍ പ്രാര്‍ഥന നടത്തട്ടെയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിനിടെ അന്യാധീനമാക്കപ്പെട്ട വഖഫ് ബോര്‍ഡിന്റെ സ്ഥലങ്ങള്‍ തിരിച്ചടുത്ത് പ്രാര്‍ഥന നടത്താനായി വിട്ടുനല്കുന്നത് സംബന്ധിച്ചും ആലോചിച്ചു വരുന്നതായി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. റോഡുകള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഗുഡ്ഗാവില്‍ പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളിലെ പ്രാര്‍ഥന പൂര്‍ണ്ണമായും നിരോധിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രാര്‍ഥന നടത്തുന്ന ഇടങ്ങളില്‍ ചാണകം പൂശുക, ജയ്ശ്രീരാം വിളികളോടെ പ്രാര്‍ഥന തടസ്സപ്പെടുത്തുക എന്നിങ്ങനെ തീവ്രഹിന്ദുവിഭാഗവും മുന്നോട്ടുവന്നതോടെയാണ് പ്രാര്‍ഥനകളില്‍ സംഘര്‍ഷം ഉടലെടുത്തത്.

Next Story