'അന്ന് യുവരാജാവിന് പറക്കാന്‍ തന്റെ ഹെലിക്കോപ്റ്റര്‍ തടഞ്ഞുവെച്ചു'; രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയുടെ ഹെലിക്കോപ്റ്ററിന് അനുമതി നിഷേധിച്ചിരുന്നു
14 Feb 2022 2:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

2014ല്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ തന്റെ ഹെലിക്കോപ്റ്റര്‍ യുവരാജാവിനായി തടഞ്ഞുവെച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരോക്ഷമായ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബില്‍ എത്തിയ തന്നെ രാഹുല്‍ ഗാന്ധി അമൃത്സറിലേക്ക് വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് തടഞ്ഞുവെച്ചതെന്ന് മോദി പറഞ്ഞു.
'പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് പത്താന്‍ക്കോട്ടിലും ഹിമാചലിലും പ്രചരണത്തിനായി എത്തേണ്ടിയിരുന്നു. എന്നാല്‍, അമൃത്സറിലേക്ക് യുവരാജാവും വരുന്നതിനാല്‍ എന്റെ ഹെലിക്കോപ്റ്ററിന് പറക്കാന്‍ അനുമതി നിഷേധിച്ചു'. പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വഭാവം കോണ്‍ഗ്രസിനുണ്ടെന്നും പഞ്ചാബിലെ ജലന്ധറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയുടെ ഹെലിക്കോപ്റ്ററിന് അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഹോഷിയാര്‍പൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്ററാണ് സുരക്ഷാ കാരണങ്ങള്‍ കാണിച്ച് അനുമതി നിഷേധിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ഫെബ്രുവരി 20 ഞായറാഴ്ച ഒറ്റഘട്ടമായാണ് പോളിംഗ് നടക്കുക. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് പ്രധാനപാര്‍ട്ടികളെല്ലാം ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.