Top

സതീശനെ തള്ളി മുല്ലപ്പള്ളി; 'ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടന'

വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മുല്ലപ്പള്ളി

1 April 2022 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശനെ തള്ളി മുല്ലപ്പള്ളി; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടന
X

തിരുവനന്തപുരം: ഐഎൻടിയുസി കോൺഗ്രസിന്റെ ഔദ്യോഗിക സംഘടനയെന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസി നടത്തിയ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവെയാണ് വിഡി സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിവാദ പരാമർശം നടത്തിയത്. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎൻടിയുസി എന്നായിരുന്നു സതീശന്റെ വിശദീകരണം.

കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു സതീശൻ ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമർശം. സതീശൻ പ്രസ്താവന പിൻവലിക്കണമെന്ന് ഐഎൻടിയുസി നേതാക്കൾ ആവശ്യമുയർത്തി. ഇക്കാലമത്രയും ഐഎൻടിയുസി കോൺഗ്രസിനൊപ്പമാണ്. സതീശൻ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം സതീശന്റെ പരാമർശത്തിനെതിരെ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തള്ളി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ രംഗത്തെത്തിയിരുന്നു. ചങ്ങനാശേരിയിലെ ഐഎൻടിയുസി തൊഴിലാളികളുടെ പ്രകടനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ചന്ദ്രശേഖരൻ പറഞ്ഞത്. ഐഎൻടിയുസി എന്നും കോൺഗ്രസിനൊപ്പമാണ്. സംസ്ഥാനത്തെ ഒരു ഐഎൻടിയുസി പ്രവർത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങൾക്കും പോകരുതെന്ന് അഭ്യർത്ഥിക്കുന്നെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

Story highlights: INTUC is the official organization of the Congress says Mullappally

Next Story