Top

സ്വത്ത് വീതംവയ്ക്കാനൊരുങ്ങി മുകേഷ് അംബാനി; പിന്തുടരുന്നത് വാള്‍ട്ടണ്‍ മാതൃക; 2005 ആവര്‍ത്തിക്കുമോ?

കമ്പനിയുടെ കാര്യത്തില്‍ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

24 Nov 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വത്ത് വീതംവയ്ക്കാനൊരുങ്ങി മുകേഷ് അംബാനി; പിന്തുടരുന്നത് വാള്‍ട്ടണ്‍ മാതൃക; 2005 ആവര്‍ത്തിക്കുമോ?
X

ഏഷ്യയിലെ ശതകോടീശ്വരന്മാരിലൊരാളായ മുകേഷ് അംബാനി സ്വത്തുകള്‍ ഭാഗംവയ്ക്കാനുളള നടപടികള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉള്‍പ്പെടെയുളള കുടുംബ സ്വത്തുക്കളടക്കം ഒരു ട്രസ്റ്റ് ഘടനയിലേക്ക് മാറ്റാനാണ് അംബാനി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സ്വത്തുക്കള്‍ വീതംവയ്ക്കുന്നതില്‍ പ്രമുഖ ബ്രാന്‍ഡായ വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റിന്റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ കുടുംബത്തിന്റെ അതേ മാതൃകയില്‍ സ്വത്ത് വീതംവെപ്പ് നടത്തുകയെന്നാണ് അംബാനിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിലയന്‍സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സ്ഥാനം രാജിവെക്കുമെന്ന സൂചനകളൊന്നും വന്നിട്ടില്ല. എന്നാല്‍ കമ്പനിയുടെ കാര്യത്തില്‍ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ഇവര്‍ റിലയന്‍സിന്റെ പ്രധാന റോളുകള്‍ വഹിക്കുമെന്ന് ജൂണില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തപ്പോള്‍ അംബാനി സൂചന നല്‍കിയിരുന്നു.

റിലയന്‍സിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയില്‍ അംബാനിയുള്‍പ്പെടെ അദ്ദേഹത്തിന്റെ ഭാര്യ നിത, മൂന്ന് മക്കള്‍ എന്നിവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരിക്കും. അംബാനിയുടെ വിശ്വസ്തരായ ഏതാനുംപേര്‍ ഉപദേശകരായി പ്രവര്‍ത്തിക്കും. ടെലികമ്യൂണിക്കേഷന്‍, ഇകൊമേഴ്‌സ്, ഗ്രീന്‍ എനര്‍ജി, പെട്രോ കെമിക്കല്‍സ് തുടങ്ങിയ വിവിധമേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളുടെ മേല്‍നോട്ട ചുമതല പൂര്‍ണമായും പുറത്തുനിന്നുളള പ്രൊഫഷണലുകള്‍ക്കായിരിക്കും.

2005ല്‍ ധീരുഭായി അംബാനിയുടെ 90,000കോടിയുടെ ആസ്തിയുളള റിലയന്‍സ് വ്യവസായ ശൃംഖലയുടെ സ്വത്തുക്കള്‍ വീതംവെച്ചപ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ സ്വത്തുതര്‍ക്കമാണ് ഉണ്ടായത്. അന്ന് ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടറും കുടുംബ സുഹൃത്തുമായ കെവി മാമത്താണ് ഏഴുമാസം നീണ്ട തര്‍ക്കം തീര്‍ക്കുന്നതിന് ഇടനിലക്കാരനായത്.

അന്നത്തെ ഉടമ്പടി പ്രകാരം പ്രധാന കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ പെട്രോ കെമിക്കല്‍സ് ലിമിറ്റഡും (ഐപിസിഎല്‍) മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് ക്യാപിറ്റല്‍ അനില്‍ അംബാനിക്കുമായിരുന്നു. അനില്‍ അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ , വൈസ് ചെയര്‍മാന്‍ പദവികള്‍ രാജിവെക്കുകയും ചെയ്തിരുന്നു.

ജിയോയുടെ വരവോടെ മുകേഷ് അംബാനിയുടെ സമ്പാദ്യം കുതിച്ചുയര്‍ന്നെങ്കിലും അനില്‍ അംബാനി ഇപ്പോഴും കടക്കെണിയിലാണ്. ധീരുഭായ് അംബാനിയുടെ സ്വത്തുക്കള്‍ വീതംവെച്ചപ്പോള്‍ റിലയന്‍സ് സാമ്രാജ്യം വിഭജിച്ചത് പോലെ മുകേഷ് അംബാനി സ്വത്തുക്കള്‍ വീതം വയ്ക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.



Next Story

Popular Stories