രാജ്യമാകെ നൂറിലേറെ വിവാഹത്തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്‍ ഖാനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ പിടിയിലായത്.
13 May 2022 10:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി രാജ്യത്തിലെ നൂറിലധികം സ്ത്രീകളില്‍നിന്ന് ലക്ഷകണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്‍ ഖാനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ പിടിയിലായത്. ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട ഫര്ഹാന് താന്‍ അവിവാഹിതനും അനാഥനുമാണെന്നാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എംബിഎയും എന്‍ജിനീയറിങ്ങുമാണ് വിദ്യാഭ്യാസ യോഗ്യതയെന്നും ബിസിനസ് ചെയ്യുകയാണെന്നും ഫര്ഹാന് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കി ബിസിനസ് വിപുലീകരിക്കുന്നതിനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറില്‍നിന്ന് ഫര്ഹാന് വാങ്ങിയെന്നാണ് ആരോപണം. ഡോക്ടറുടെ പരാതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
മാട്രിമോണി സൈറ്റില്‍ ഫര്ഹാന് ഐഡികള്‍ തയ്യാറാക്കി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഗുജറാത്ത്, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷത്തില്‍ കണ്ടെത്തിയതായി ഡപ്യൂട്ടി കമ്മീഷണര്‍ ബെനിത മേരി ജയ്ക്കര്‍ പറഞ്ഞു. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസ് ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.
വിവിഐപി രജിസ്ട്രേഷന് നമ്പറുള്ള ആഡംബര കാര്‍ സ്വന്തമായുണ്ടെന്ന് ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുന്നത്. തന്റെ സ്വന്തമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചിരുന്ന കാര്‍ ബന്ധുവിന്റേതായിരുന്നു. പ്രതിവര്‍ഷം 30 ലക്ഷത്തിലധികം രൂപ സമ്പാദ്യമുണ്ടെന്നാണ് പറഞ്ഞിരുന്നത്. വീഡിയോ കോള്‍ ചെയ്ത് ആഡംബര ചുറ്റുപാടുകള്‍ കാണിച്ച് താന്‍ പണക്കാരനാണെന്ന് സ്ത്രീകളെ തെറ്റുദ്ധരിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ വിവാഹിതനായ ഇയാള്‍ക്ക് മൂന്നു വയസുള്ള മകളുണ്ട്. മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഇയാള്‍ക്ക് പിതാവും സഹോദരിയുമുണ്ട്.
Story highlights: More than 100 marriage frauds across the country; Young man arrested