'പാര്‍ത്ഥ പണം സൂക്ഷിച്ചിരുന്നത് മിനി ബാങ്ക് പോലെ, പരിചയം നടന് വഴി'; ഇ ഡിക്ക് മുന്നില്‍ അര്‍പ്പിത മുഖര്‍ജി
പാര്‍ത്ഥാ ചാറ്റര്‍ജിയും സഹായികളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറി ഉപയോഗിച്ചിരുന്നത്
28 July 2022 7:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: അറസ്റ്റിലായ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജി തന്റെ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നത് മിനി ബാങ്ക് പോലെയെന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലുള്ള നടി അര്‍പ്പിത മുഖര്‍ജി. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്തനായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇരുപതുകോടിയിലധികം രൂപ ഇഡി റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് അര്‍പ്പിതയുടെ വെളിപ്പെടുത്തല്‍. തന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണം പാര്‍ത്ഥ ചാറ്റര്‍ജിയുടേതാണെന്നും അര്‍പ്പിത കുറ്റസമ്മതം നടത്തി.
പാര്‍ത്ഥാ ചാറ്റര്‍ജിയും സഹായികളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറി ഉപയോഗിച്ചിരുന്നത്. ആഴ്ച്ചയില്‍ ഒരു തവണ അല്ലെങ്കില്‍ പത്തുദിവസത്തില്‍ ഒരു തവണ പാര്‍ത്ഥാ ചാറ്റര്‍ജി വീട്ടിലെ മുറിയില്‍ വന്നുപോയിരുന്നു. മറ്റൊരു സ്ത്രീയുടെ വീടും സമാനരീതിയില്‍ അദ്ദേഹം പണം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതായും അര്‍പ്പിത ഇഡിക്ക് മൊഴി നല്കി. പ്രസ്തുത സ്ത്രീയും പാര്‍ത്ഥയുടെ അടുത്ത സുഹൃത്താണെന്ന് അര്‍പ്പിത അന്വേഷണ ഏജന്‍സിയോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുറിയില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ മൂല്യം എത്രയെന്ന് മന്ത്രി ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ലെന്നും അര്‍പ്പിത അന്വേഷണ ഏജന്‍സിയോട് വിശദീകരിച്ചു. ബംഗാളിലെ ഒരു നടനാണ് 2016ല്‍ പാര്‍ത്ഥാ ചാറ്റര്‍ജിയെ തനിക്ക് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ആ സൗഹൃദം ഗാഢമായെന്നും അര്‍പ്പിത ഇഡിക്ക് മൊഴി നല്കി. ഉദ്യോഗസ്ഥ സ്ഥല മാറ്റം, കോളേജുകള്‍ക്ക് അംഗീകാരം ഉള്‍പ്പെടെ അനുവദിച്ചു നല്‍കിയതിന് കൈക്കൂലിയായി ലഭിച്ച പണമാണ് കൂട്ടിയിട്ടനിലയില്‍ കണ്ടെടുത്തതെന്നും അര്‍പ്പിത സമ്മതിച്ചതായാണ് സൂചന.
അതേസമയം മന്ത്രിക്കെതിരായ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായാണ് അറിയുന്നത്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍നിന്നും കണ്ടെത്തിയ പണം കൂടാതെ പല ഇടപാടുകളെക്കുറിച്ചും തെളിവുകളടങ്ങിയ ഡയറികളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുമെന്ന് ഇഡി കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധവുമുള്ള പാര്‍ത്ഥാ ചാറ്റര്‍ജി എയ്ഡഡ് സ്ക്കൂള് അധ്യാപകനിയമനത്തിലെ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.