Top

'കാശിയിൽ എന്റെ മരണത്തിനായി അവർ പ്രാർത്ഥിച്ചു'; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി

28 Feb 2022 5:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാശിയിൽ എന്റെ മരണത്തിനായി അവർ പ്രാർത്ഥിച്ചു; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി
X

യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ വീണ്ടും ഒളിയമ്പ് എറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിരാളികൾ തന്റെ മരണത്തിനായി കാശിയിൽ പ്രാർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആളുകൾ എത്രത്തോളം അധപതിച്ചൂവെന്നത് നമ്മൾ കണ്ടതാണ്. എന്നാൽ കാശിയിൽവെച്ച് തന്റെ മരണത്തിനായി പ്രാർത്ഥിച്ചത് തനിക്ക് സന്തോഷം നൽകുന്നുവെന്നും മോദി പറഞ്ഞു. വരാണസിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രതിപക്ഷത്തെക്കുറിച്ച് മോദി വിമർശിച്ചനമുന്നയിച്ചത്.

''എതിരാളികൾ തന്റെ മരണത്തിനായി പ്രാർത്ഥിച്ചു എന്നത്കൊണ്ട് അർത്ഥമാക്കുന്നത്, മരണം വരെ താൻ കാശി വിട്ടു പോകില്ല എന്നും ജനങ്ങളുടെ മനസിൽ താനുണ്ടാകുമെന്നുമാണെന്ന് മോദി പറഞ്ഞതായി'' എഎൻഐ റിപ്പോർട്ട് ച‍െയ്തു.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെയായിരുന്നു മോദിയുടെ ഒളിയമ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് വരാണസിയിൽ പ്രധാനമന്ത്രി നടത്തിയ നിരവധി ഔദ്യോഗിക പരിപാടികൾക്കെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക പരിപാടികളെ ഉപയോ​ഗിച്ചതെന്ന് പ്ര​തിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. ഇതാണ് നരേന്ദ്ര മോദിയെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ പങ്കെടുത്ത ഒരു മാസം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ റിപ്പോർട്ട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. ''ഇത് നല്ലതാണ്, അവർക്ക് അവിടെ ഒരു മാസം മാത്രമല്ല താമസിക്കാൻ സാധിക്കുക. രണ്ടോ മൂന്നോ മാസം താമസിക്കാൻ പറ്റിയ സ്ഥലമാണ്. ജനങ്ങൾ അവരുടെ അവസാന ദിവസം വരാണസിയിൽ താമസമാക്കാറുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ജീവിതത്തിന്റെ അവസാന നാളുകളിൽ ആളുകൾ വരാണസിയിലോ, കാശിയിലോ താമസമാക്കുമെന്നാണ്.'' പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോ​ഗിക പരിപാടിയെ വിമർശിച്ചുകൊണ്ടായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം.

നേരത്തെയും സമാജ്‌വാദി പാർട്ടിയേയും കോൺഗ്രസിനേയും വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി രം​ഗത്തുവന്നിരുന്നു. രണ്ടു പാർട്ടികളും ഭീകരതയോട് മൃദുസമീപനം പുലർത്തുന്നവരാണെന്ന് മോദി ആരോപിച്ചിരുന്നു. ഈ മാസം ആദ്യം ഹർദോയിൽ നടന്ന റാലിയിൽ സംസാരിക്കവെ, തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ അഖിലേഷ് യാദവ് സർക്കാർ ശ്രമിക്കുന്നതായും മോദി ആരോപിച്ചിരുന്നു.

STORY HIGHLIGHTS: They Prayed for My Death in Kashi; Modi During the Election Campaign


Next Story