Top

ബിഹാറിലെ സംസ്ഥാന സര്‍വകലാശാല നല്‍കിയ പരീക്ഷാ അഡ്മിറ്റ് കാര്‍ഡില്‍ മോദിയും ധോണിയും; വിവാദം

വിവാദ അഡ്മിറ്റ് കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണ്ക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്ത്തിട്ടുണ്ട്

11 Sep 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഹാറിലെ സംസ്ഥാന സര്‍വകലാശാല നല്‍കിയ പരീക്ഷാ അഡ്മിറ്റ് കാര്‍ഡില്‍ മോദിയും ധോണിയും; വിവാദം
X

പാറ്റ്‌ന: ബിഹാറിലെ സംസ്ഥാന സര്‍വകലാശാല നല്‍കിയ പരീക്ഷാ അഡ്മിറ്റ് കാര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ എന്നിവരുടെ ചിത്രങ്ങള്‍. ധര്‍ഭാംഗയിലെ ലളിത് നാരായാണ്‍ മിഥില സര്‍വകലാശാലയുടെ പരീക്ഷയിലാണ് ഇക്കാര്യമുള്ളത്.

മിഥില യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മധുബനി, സമസ്തിപൂര്‍, ബെഗുസാരായി ജില്ലകളില്‍ നിന്നുള്ള കോളേജുകളിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മോദി, ധോണി, ചൗഹാന്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ അഡ്മിറ്റ് കാര്‍ഡുകളുമായി എത്തിയത്.സമൂഹ മാധ്യമങ്ങളിലൂടെയാണ് സംഭവം പുറത്ത് വന്നത്. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ മുഷ്താഖ് അഹ്മദ് പറഞ്ഞു. വിവാദ അഡ്മിറ്റ് കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കാമെന്നും മുഷ്താഖ് അഹമ്മദ് വ്യക്തമാക്കി.

അഡ്മിറ്റ് കാര്‍ഡിനായി വിദ്യാര്‍ത്ഥികള്‍ നേരിട്ടാണ് ഫോട്ടോയും മറ്റു വിവരങ്ങളും ചേര്‍ക്കുന്നതെന്നും, ഈ വിവരങ്ങള്‍ ചേര്‍ത്ത് സര്‍വകലാശാലയുടെ ഡാറ്റ സെന്ററില്‍ നിന്നാണ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും നല്‍കിയ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചു മാത്രമെ ഇതു ഡൗണ്‍ലോഡ് ചെയ്യാനാകൂ. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ ദുരുദ്ദേശപൂര്‍വം മറ്റു ഫോട്ടോ ചേര്‍ത്തതാണെന്ന് സംശയിക്കുന്നതായും മുഷ്താഖ് പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇമ്രാന്‍ ഹാഷ്മി, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു അഡ്മിറ്റ് കാര്‍ഡുകളില്‍ ചേര്‍ത്തിരുന്നത്.

ഇത് സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെയും ഗവര്‍ണറുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തെന്നും, ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Story Highlight: Modi and Dhoni in the exam admit card issued by the State University of Bihar

Next Story