Top

എംഎല്‍എമാര്‍ മുതല്‍ മേയറും റവന്യൂ ഉദ്യോഗസ്ഥരും വരെ; അയോധ്യ ഭൂമിയിലെ റിയല്‍ എസ്റ്റേറ്റ് സാധ്യത തിരഞ്ഞ് പ്രമുഖര്‍

എംഎൽഎമാർ, അയോധ്യയിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾ എന്നുതുടങ്ങി പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ട്.

22 Dec 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എമാര്‍ മുതല്‍ മേയറും റവന്യൂ ഉദ്യോഗസ്ഥരും വരെ; അയോധ്യ ഭൂമിയിലെ റിയല്‍ എസ്റ്റേറ്റ് സാധ്യത തിരഞ്ഞ് പ്രമുഖര്‍
X

രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്ന അയോധ്യയിലെയും സമീപ പ്രദേശങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ തിരഞ്ഞ് പ്രമുഖർ. 2019-ലെ സുപ്രിംകോടതിയുടെ നിർണ്ണായക അയോധ്യ വിധിക്ക് ശേഷം 2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 ഏക്കറോളം ഭൂമി ക്ഷേത്ര, അനുബന്ധ നിർമ്മാണങ്ങള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി നിർമ്മാണം പുരോഗമിക്കവെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖരാണ് അയോധ്യയില്‍ ഭൂമി വാങ്ങി കൂട്ടുന്നതെന്ന് ഇന്ത്യന്‍ എക്സ് പ്രസ് റിപ്പോർട്ട് പറയുന്നു.

എംഎൽഎമാർ, അയോധ്യയിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾ എന്നുതുടങ്ങി പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ട്. രാമക്ഷേത്ര സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഇവരെല്ലാം ഭൂമി വാങ്ങിയിരിക്കുന്നത്.

എംഎൽഎ, മേയർ, സംസ്ഥാന ഒബിസി കമ്മീഷൻ അംഗം എന്നിങ്ങനെ പലരും സ്വന്തം പേരില്‍ ഭൂമി സ്വന്തമാക്കിയപ്പോള്‍ ഡിവിഷണൽ കമ്മീഷണർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, സർക്കിൾ ഓഫീസർ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്നിങ്ങനെ ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്.

ഇതില്‍ അഞ്ച് ഇടപാടുകളില്‍ ഭൂമി വില്‍പ്പന നടത്തിയ മഹർഷി രാമായൺ വിദ്യാപീഠം ട്രസ്റ്റ് (എംആർവിടി) ദളിത് ഗ്രാമീണരിൽ നിന്ന് അന്യായമായി ഭൂമി വാങ്ങിയെന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ്. അതേസമയം, ക്രമക്കേട് കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്ത അതേ ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി വാങ്ങിയിരിക്കുന്നതെന്ന വെെരുദ്ധ്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രധാനപ്പെട്ട ഭൂമി ഇടപാടുകള്‍ നടത്തിയ പ്രമുഖർ

വേദ് പ്രകാശ് ഗുപ്ത- അയോധ്യ എംഎൽഎ

ഇന്ദ്ര പ്രതാപ് തിവാരി- ഗോസൈഗഞ്ച് എംഎൽഎ

ഋഷികേശ് ഉപാധ്യായ- അയോധ്യ മേയർ

ബൽറാം മൗര്യ- യുപി ഒബിസി കമ്മീഷൻ അംഗം

ഹർഷവർദ്ധൻ ഷാഹി- യുപി വിവരാവകാശ കമ്മീഷണർ

എം പി അഗർവാൾ- ഡിവിഷണൽ കമ്മീഷണർ, അയോധ്യ. 2019 നവംബർ മുതൽ ചുമതലയില്‍

പുരുഷോത്തം ദാസ് ഗുപ്ത - 2018 ജൂലൈ 20 മുതല്‍ 2021 സെപ്റ്റംബർ 10 വരെ അയോധ്യയിലെ ചീഫ് റവന്യൂ ഓഫീസർ

ദീപക് കുമാർ - 2020 ജൂലൈ 26 മുതല്‍ 2021 മാർച്ച് 30 വരെ അയോധ്യയില്‍ ഡിഐജി ചുമതല. നിലവില്‍ അലിഗഡ് ഡിഐജി

ഉമാധർ ദ്വിവേദി- യുപി കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ലഖ്‌നൗവില്‍ താമസം.

ആയുഷ് ചൗധരി- മുൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അയോധ്യ, ഇപ്പോൾ കാൺപൂരിൽ

ദിനേശ് ഓജ- എംആർവിടിക്കെതിരായ ഭൂമി ക്രമക്കേട് കേസുകളില്‍ അസിസ്റ്റന്റ് റെക്കോർഡ് ഓഫീസർ.

അരവിന്ദ് ചൗരസ്യ- എസ്ഐ, പ്രൊവിൻഷ്യൽ പൊലീസ് സർവീസ് ഓഫീസർ, ഇപ്പോൾ മീററ്റിൽ

ബദ്രി ഉപാധ്യായ- ഗഞ്ച ഗ്രാമത്തിലെ ലേഖ്പാൽ (ഉത്തർപ്രദേശിലെ ഒരു ക്ലറിക്കൽ സർക്കാർ തസ്തിക). അടുത്തിടെ സ്ഥലംമാറ്റമുണ്ടായി

Next Story