Top

ബിഎസ്എഫിന്റെ അധികാര പരിധി കൂട്ടി കേന്ദ്രം; പൗരാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമര്‍ശനം

14 Oct 2021 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഎസ്എഫിന്റെ അധികാര പരിധി കൂട്ടി കേന്ദ്രം; പൗരാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമര്‍ശനം
X

അതിര്‍ത്തി സുരക്ഷാ സേനയായ ബിഎസ്എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ച അഭ്യന്തര മന്ത്രാലയത്തിന്റെ നടപടി വിവാദത്തില്‍. അന്താരാശഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 15 മുതല്‍ 50 കിലോ മീറ്റര്‍ രാജ്യത്തിനകത്തേക്ക് അധികാര പരിധി വര്‍ദ്ധിപ്പിച്ച തീരുമാനമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ബിഎസ്എഫിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക, കള്ളക്കടത്ത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് അധികാര പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിച്ചത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക വിര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. നടപടി 'യുക്തിരഹിതമാണെന്നും രാജ്യത്തെ ഫെഡറലിസത്തിന് നേരെയുള്ള ആക്രമണം എന്നുമാണ് വിമര്‍ശനം.

മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ പുതിയ നിര്‍ദേശത്തിന് പരിധിയില്‍ വരും. ഇതു പ്രകാരം പശ്ചിമ ബംഗാള്‍ പഞ്ചാബ്, ആസാം സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് അധികാരപരിധി 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. മണിപ്പൂര്‍ മിസോറാം ത്രിപുര നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ബിഎസ്എഫ് അധികാരപരിധി 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ ബിഎസ്എഫ് അധികാരപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ഗുജറാത്തിലെ ബിഎസ്എഫ് അധികാരപരിധി എണ്‍പതില്‍ നിന്ന് 50 ആക്കി ചുരുക്കി.

തീരുമാനത്തിനെതിരെ പഞ്ചാബില്‍ വ്യാപകമായ വിമര്‍ശനം ആണ് ഉയരുന്നത്. 'അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ 50 കിലോമീറ്റര്‍ പരിധിയില്‍ ബിഎസ്എഫിന് അധിക അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ ഏകപക്ഷീയമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി കുറ്റപ്പെടുത്തി. തീരുമാനത്തെ അപലപിച്ച അദ്ദേഹം നീക്കം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്നും ആരോപിച്ചു. യുക്തിരഹിതമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിക്കുന്നതായും ചരണ്‍ജിത് സിംഗ് ചന്നി ട്വീറ്റ് ചെയ്തു. പഞ്ചാബില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ തീരുമാനത്തിലൂടെ സാധിക്കുക. ജനങ്ങള്‍ ഒരിക്കലും ഇതിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു.

എന്നാല്‍, വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമേരിന്ദര്‍ സിംഗ് രംഗത്തെത്തി. രാജ്യസുരക്ഷാ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ബിഎസ്എഫ് അധികാരപരിധി വര്‍ധിപ്പിക്കുന്നത് ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയാന്‍ ഗുണം ചെയ്യും. പഞ്ചാബില്‍ വിധ്വംസക ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ തീരുമാനം ഉചിതമാണ്. ഓരോ ദിവസവും ജീവത്യാഗം ചെയ്യുന്ന സൈനികരെ ഓര്‍ത്ത് കേന്ദ്ര തീരുമാനത്തിനെതിരെ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.

Popular Stories

    Next Story