Top

സൈറസ് മിസ്ത്രിയുടെ മരണം; അപകടത്തിന് അഞ്ച് സെക്കന്റ് മുന്‍പുവരെ വാഹനം സഞ്ചരിച്ചത് 100 കിലോമീറ്റര്‍ വേഗത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി അപകടം നടന്ന മെഴ്‌സിഡസ് കാര്‍ പരിശോധനയ്ക്കായി സെപ്തംബര്‍ 12ന് കമ്പനി ഷോറൂമിലെത്തിക്കും

8 Sep 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈറസ് മിസ്ത്രിയുടെ മരണം; അപകടത്തിന് അഞ്ച് സെക്കന്റ് മുന്‍പുവരെ വാഹനം സഞ്ചരിച്ചത് 100 കിലോമീറ്റര്‍ വേഗത്തില്‍
X

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തിന് അഞ്ച് സെക്കന്റ് മുന്‍പുവരെ 100 കിലോമീറ്റിര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നതായി മെഴ്‌സിഡസ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട മെഴ്‌സിഡസ് കാറിന്റെ നിര്‍മ്മാതാക്കളാണ് അന്വേഷണ റിപ്പോര്‍ട്ട് പാല്‍ഘര്‍ പൊലീസിന് കൈമാറിയത്. മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് വാഹനത്തിന്റെ അമിത വേഗതയെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്.

അപകടം സംഭവിക്കുന്നതിന് അഞ്ചു സെക്കന്റ് മുന്‍പു വരെ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരുന്നു എന്നാണ് മെഴ്‌സിഡസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനഹിത പണ്ടോളെ ബ്രേക്കിട്ടതോടെ ഇത് 89 കിലോമീറ്ററായി കുറഞ്ഞു. ഈ സമയം തന്നെയാണ് അപകടവും നടന്നത്. 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുമ്പോള്‍ എത്ര തവണ ബ്രേക്കിട്ടിട്ടുണ്ട് എന്ന് പരിശോധിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് മെഴ്‌സിഡസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി അപകടം നടന്ന മെഴ്‌സിഡസ് കാര്‍ പരിശോധനയ്ക്കായി സെപ്തംബര്‍ 12ന് കമ്പനി ഷോറൂമിലെത്തിക്കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇന്ത്യയിലേക്ക് വരുന്നതിനായി സംഘം വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ വിസ അനുമതി ലഭിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

അപകടം നടക്കുമ്പോള്‍ കാറിന് മുന്‍ സീറ്റിലെ നാല് എയര്‍ ബാഗുകളാണ് പ്രവര്‍ത്തിച്ചത് എന്ന് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവറുടെ തലയ്ക്ക് മുകളില്‍ ഒന്ന്, കാല്‍മുട്ടിന് സമീപമുള്ള മറ്റൊന്ന്, തലയ്ക്ക് മുകളിലെ കര്‍ട്ടന്‍ എയര്‍ ബാഗ്, മുന്‍ വശത്തെ യാത്രക്കാരന്റെ സീറ്റിന് മുന്നിലെ എയര്‍ബാഗ് എന്നിവയാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. മറ്റൊരു വാഹനത്തെ തെറ്റായ ദിശയിലൂടെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

മിസ്ത്രിയുടെ സുഹൃത്തും ഗൈനക്കോളജിസ്റ്റുമായ അനഹിത പണ്ടോളെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും മുന്‍ സീറ്റിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായ ജെഹാംഗീര്‍ പണ്ടോളെയും മിസ്ത്രിയും അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഇരുവരും പിന്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഇരുന്നത് എന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

STORY HIGHLIGHTS: Mercedes Benz Report Says Cyrus Mistry's Car Was Going on 100 kmph

Next Story