Top

'മുസ്ലിം വോട്ടർമാരെ വിശ്വസിച്ചു, പാഠം പഠി‌ച്ചു'; തോൽവിയുടെ കാരണങ്ങൾ നിരത്തി മായാവതി

11 March 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം വോട്ടർമാരെ വിശ്വസിച്ചു, പാഠം പഠി‌ച്ചു; തോൽവിയുടെ കാരണങ്ങൾ നിരത്തി മായാവതി
X

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. സമാജ് വാദി പാർട്ടിയുടെ തിരിച്ച് വരവ് ഭയന്ന് മുന്നോക്ക ഹിന്ദു, ഒബിസി വിഭാ​ഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതാണ് ബിഎസ്പിയുടെ പരാജയത്തിന് കാരണമായതെന്നാണ് മായാവതി പറയുന്നത്. എസ്പി തിരിച്ചു വന്നാൽ യുപി പഴയ ജം​ഗ്ൾ രാജ് ആവുമെന്ന ഭയമാണ് ഈ വോട്ട് ചോർച്ചയ്ക്ക് പിന്നിലെന്നും മായാവതി പറഞ്ഞു. ദളിത് വിഭാ​ഗം പോലും ഇക്കാരണത്താൽ മാറി ചിന്തിച്ചെന്നും ബിഎസ്പി നേതാവ് പറഞ്ഞു.

‌''ബിഎസ്പി അനുഭാവികളായ മേൽജാതി ഹിന്ദുക്കൾക്കും ചില ഒബിസി വിഭാ​ഗങ്ങൾക്കും എസ്പി തിരിച്ചു വന്നാൽ സംസ്ഥാനം വീണ്ടും ​ഗുണ്ടാ രാജും ജം​ഗ്ൾ രാജുമാവുമെന്ന ഭയമുണ്ടായിരുന്നു. അതിനാൽ അവർ ബിജെപിക്ക് വോട്ട് ചെയ്തു,'' മായാവതി പറഞ്ഞു.

പരാജയത്തിന് മുസ്ലിം വോട്ടർമാരെയും ബിഎസ്പി കുറ്റപ്പെടുത്തി. മുസ്ലിം വോട്ടർമാരെ വിശ്വസിച്ചതിൽ നിന്നും ഇത്തവണ ഒരു പാഠം പഠിച്ചെന്നും ഇനി മുതൽ ഇത് മനസ്സിൽ വെച്ച് മാറ്റങ്ങൾ സ്വീകരിക്കുമെന്നും ബിഎസ്പി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി മുസ്ലിങ്ങൾ എസ്പിക്കാണ് വോട്ട് ചെയ്തതെന്നും മായാവതി പറഞ്ഞു.

''മുസ്ലിങ്ങൾ ബിഎസ്പിയെ പിന്തുണച്ചിരുന്നെങ്കിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു. മുസ്ലിം-ദളിത് വോട്ടുകൾ ഒരുമിച്ചിരുന്നെങ്കിൽ പശ്ചിമ ബം​ഗാളിൽ തൃണമൂൽ ചെയ്തത് ഇവിടെയും ആവർത്തിക്കുമായിരുന്നു. ത്രികോണ മത്സരമായിരുന്നു നടന്നിരുന്നതെങ്കിൽ ബിഎസ്പിയുടെ പ്രകടനം വളരെ വ്യത്യസ്തമാവുമായിരുന്നു. ബിജെപിയെ തടുക്കാനും കഴിഞ്ഞേനെ,'' മായാവതി പറഞ്ഞു.

മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രത്യേകിച്ച് മുസ്ലിങ്ങളെ. ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്ന തരത്തിൽ പ്രചരണം നടന്നു. തെറ്റായ സർവേകളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി മായാവതി ആരോപിച്ചു.

Story highlight: Mayawati blames sp and muslim voters for bsp failure

Next Story