പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ അത്യാഗ്രഹത്താലെന്ന് മായാവതി; 'ലക്ഷ്യം ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തല്‍'
30 Sep 2022 10:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുക എന്ന രാഷ്ട്രീയ അത്യാഗ്രഹത്താലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം.
'രാജ്യത്തുടനീളം വ്യത്യസ്ത വഴികളിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടതിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര സര്‍ക്കാര്‍ സംഘടനയെയും അതോടൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത് സംഘത്തെ പ്രീതിപ്പെടുത്തുക എന്ന രാഷ്ട്രീയ അത്യാഗ്രത്തെ തുടര്‍ന്നാണ്', മായാവതിയുടെ ട്വീറ്റ് ഇങ്ങനെയാണ്.
ബുധനാഴ്ച രാവിലെയാണ് പിഎഫ്ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര് എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഉത്തരവിന് പിന്നാലെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞിരുന്നു. 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു', അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Story Highlights: MAYAWATI AGAINST POPULAR FRONT BAN