Top

മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ; പഴയ കൊവിഡ് നിയന്ത്രണങ്ങളിലേക്ക് ഡൽഹി

20 April 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ; പഴയ കൊവിഡ് നിയന്ത്രണങ്ങളിലേക്ക് ഡൽഹി
X

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഴയ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ ഡല്‍ഹി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് വീണ്ടും കൊണ്ടു വരുന്നത്. കൊവിഡ് വ്യാപനം അനുദിനം കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ സമിതി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനാണ് തീരുമാനം.

അതേസമയം കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് കൊണ്ട് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വാക്‌സിനേഷന്‍ കൂടുതല്‍ സജീവമാക്കാനും പരിശോധനകള്‍ കൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും പരിശോധന വ്യാപകമാക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. ചൊവ്വാഴ്ച 632 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 26 ശതമാനം വര്‍ധനവാണ് പ്രതിദിന കൊവിഡ് കേസുകളില്‍ രാജ്യ തലസ്ഥാനത്ത് ഇന്നലെയുണ്ടായത്. അതേസമയം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 7.72 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇന്നലെയിത് 4.42 ശതമാനമായി കുറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടായിരം പിന്നിടുകയും ദിനം പ്രതി 66 ശതമാനത്തില്‍ അധികം കേസുകളുടെ വര്‍ധനയുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ബാധയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളോടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

STORY HIGHLIGHT: MASK MANDATORY IN DELHI AGAIN

Next Story