'എന്താണ് നടക്കുന്നത്?' മുസ്ലീം കൂട്ടക്കൊല ആഹ്വാനത്തില്‍ മാര്‍ട്ടിന
''20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്.''
23 Dec 2021 3:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തരാഖണ്ഡ് ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ ഉയര്‍ന്ന മുസ്ലീം കൂട്ടക്കൊല ആഹ്വാനത്തില്‍ പ്രതികരണവുമായി പ്രശസ്ത ടെന്നീസ് താരം മാര്‍ട്ടിന നവ്രതിലോവ. മുസ്ലീങ്ങളെ കൊല്ലാന്‍ ആഹ്വാനം നടത്തുന്ന പരിപാടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് മാര്‍ട്ടിനയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ വിദേശ മാധ്യമപ്രവര്‍ത്തകനായ സിജെ വെര്‍ലെമന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് സഹിതമാണ് മാര്‍ട്ടിന ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചത്.
കഴിഞ്ഞദിവസം ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് മുസ്ലീം കൂട്ടക്കൊല ആഹ്വാനം ഉയര്‍ന്നത്. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണയാണ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ''മുസ്ലീം വിഭാഗത്തിന്റെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്.''
''ഇന്ത്യയെ ഹിന്ദുരാജ്യമാക്കും. ഇതിനായി അവസാനശ്വാസം വരെ പോരാടും. ന്യൂനപക്ഷങ്ങളെ കൊല്ലണം. അവരുടെ ആരാധനാകേന്ദ്രങ്ങള് തകര്‍ക്കണം.'' തുടങ്ങിയ പരാമര്‍ശങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഡിസംബര്‍ 17, 18, 19 തീയതികളിലായിരുന്നു സമ്മേളനം നടന്നത്. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോര്‍ച്ച നേതാവ് ഉദിത് ത്യാഗി, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചിരുന്നു.
അതേസമയം, വിദ്വേഷപരാമര്‍ശങ്ങളില്‍ കേസെടുക്കാത്ത ഉത്തരാഖണ്ഡ് പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍.