Top

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം: പങ്കെടുക്കാതെ മന്‍മോഹന്‍സിംഗും എകെ ആന്റണിയും

കനത്തപരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.

13 March 2022 11:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം: പങ്കെടുക്കാതെ മന്‍മോഹന്‍സിംഗും എകെ ആന്റണിയും
X

ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയും. അഞ്ചുസംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്തപരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.

അസുഖബാധയെ തുടര്‍ന്നാണ് മന്‍മോഹന്‍സിംഗ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് വിവരങ്ങള്‍. അന്‍പത്തിയേഴ് നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം ശക്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക് വരണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനവും, തെരഞ്ഞെടുപ്പ് തോല്‍വിക്കുളള കാരണവും, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം അവലോകനം ചെയ്യും.

Next Story