ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് 2016ല്‍
നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
14 May 2022 1:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹയെ തെരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
ഡെന്റല്‍ ഡോക്ടറായിരുന്ന മണിക് സാഹ 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ബിജെപി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും വഹിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭ അംഗമാണ് മണിക് സാഹ.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലബ് കുമാര്‍ രാജി വച്ചത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി മുഖ്യമന്ത്രിയെ മാറ്റിയിരിക്കുന്നത്. രാജിക്ക് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ബിപ്ലബ് കുമാര്‍ ദേബ് സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധന നില തകര്‍ന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി രാജി വെക്കണമെന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ബിപ്ലബ് കുമാര്‍ ദേബിന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ട് എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിപ്ലബ് കുമാര്‍ ദേബിന്റെ സേവനം ഉപയോഗിക്കുമെന്ന് ബിജെപി അറിയിച്ചു. 'പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയില്‍ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുമായിരുന്നു എന്റെ പ്രയത്നം' എന്ന് രാജിക്ക് പിന്നാലെ ബിപ്ലബ് കുമാര്‍ പറഞ്ഞു.