Top

'നിതീഷും സോറനും ഞാനും'; 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്ത് ഒരുമിക്കുമെന്ന് മമത

''എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കും. പ്രതിപക്ഷം ഒരു ഭാഗത്തും ബിജെപി മറ്റൊരു ഭാഗത്തുമായിട്ടായിരിക്കും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്.''

8 Sep 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിതീഷും സോറനും ഞാനും; 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്ത് ഒരുമിക്കുമെന്ന് മമത
X

കൊല്‍ക്കത്ത: 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഒരുമിക്കുമെന്ന് മമത ബാനര്‍ജി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും താനും ഉള്‍പ്പെട്ട സഖ്യം ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിക്കുമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. കല്‍ക്കത്തയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കും. പ്രതിപക്ഷം ഒരു ഭാഗത്തും ബിജെപി മറ്റൊരു ഭാഗത്തുമായിട്ടായിരിക്കും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. 300ലധികം സീറ്റിന്റെ പേരിലുള്ള ബിജെപിയുടെ അഹങ്കാരത്തിന് പ്രതിഫലം ലഭിക്കും.' 2024ല്‍ ഒരു ഖേലാ ഹോബേ ഉണ്ടാകുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കാന്‍ ഇറങ്ങിയ ബിജെപിയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇറക്കിയ പരസ്യ വാചകമായിരുന്നു ഖേലാ ഹോബേ.

കറന്‍സി കെട്ടുകളുമായി എംഎല്‍എമാരെ അറസ്റ്റ് ചെയ്തത് ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിട്ടുവെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. നേരത്തെ ബംഗാളിലെ ഹൗറാ ജില്ലയിലെ പഞ്ചാലയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ നോട്ട് കെട്ടുകളുമായി അറസ്റ്റ് ചെയ്തിരുന്നു. 49 ലക്ഷം രൂപയുടെ കറന്‍സി കെട്ടുകളായിരുന്നു മൂന്ന് എംഎല്‍എമാരുടെ കാറില്‍ ഉണ്ടായിരുന്നത്.

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. ഇത്തരം നീക്കങ്ങളുമായി അവര്‍ എത്രത്തോളം മുന്നോട്ട് പോകുന്നോ, അത്രത്തോളം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും അവര്‍ തോല്‍വിയോട് അടുക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. പാര്‍ത്ഥാ ചാറ്റര്‍ജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപിയും ബംഗാളിലെ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും ഹീനമായ പ്രചരണം അഴിച്ചുവിടുകയാണെന്നും മമത ആരോപിച്ചു.

Next Story