Top

ജോലി തേടി മടുത്തു; രാജ്യത്തെ വലിയാരു ശതമാനം ജനങ്ങളും ജോലി തേടുന്നത് നിർത്തിയെന്ന് റിപ്പോർട്ട്

25 April 2022 5:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലി തേടി മടുത്തു; രാജ്യത്തെ വലിയാരു ശതമാനം ജനങ്ങളും ജോലി തേടുന്നത് നിർത്തിയെന്ന് റിപ്പോർട്ട്
X

ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ അതിന്റെ മോശം ഘട്ടത്തിലെത്തിയെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളും ജോലി തേടുന്നതു പോലും ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുംബെെയിലെ സ്വകാര്യ ​ഗവേഷക കമ്പനിയായ സെന്റർ ഫോർ മോണിറ്ററിം​ഗ് ഇന്ത്യൻ എക്കണോമി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കണക്കുകൾ പ്രകാരം രാജ്യത്തെ നിയമപരമായി ജോലി ചെയ്യാനുള്ള പ്രായ പരിധിയിലുള്ള 90 കോടി ജനങ്ങളിൽ പകുതിയേറെ പേരും ജോലി തേടുന്നത് തന്നെ നിർത്തി.

ഇഷ്ടപ്പെട്ട ജോലി, ജോലിക്കനുസൃതമായ ശമ്പളം തുടങ്ങിയവ ലഭിക്കാത്തതാണ് തൊഴിലന്വേഷണം തന്നെ രാജ്യത്തെ ജനങ്ങൾ ഉപേക്ഷിക്കുന്നതിന് ഇവർ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2017 നും 2022 നും ഇടയിൽ രാജ്യത്തെ തൊഴിൽ മേഖലയിലെ ആകെ തൊഴിൽ പങ്കാളിത്ത തോത് 46 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറഞ്ഞു.

തൊഴിൽ മേഖലകളിൽ നിന്നും സ്ത്രീകളാണ് കൂടുതലായി കൊഴിഞ്ഞു പോയത്. ഏകദേശം 21 ദശലക്ഷത്തോളം പേർ തൊഴിൽ മേഖലകളിൽ നിന്ന് അപ്രത്യക്ഷരായി. സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നതിന് കുടുംബ വ്യവസ്ഥികളുൾപ്പെടെയുള്ള ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയൊരു ശതമാനം സ്ത്രീകളും വിവാഹ ശേഷം ജോലിക്ക് പോവുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ 49 ശതമാനവും സ്ത്രീകളാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനത്തിന്റെ 18 ശതമാനം മാത്രമാണ് സ്ത്രീകൾ സംഭാവന ചെയ്യുന്നത്.

STORY HIGHLIGHT: MAJORITY OF INDIAS 900 MILLION WORKFORCE STOP LOOKING FOR JOBS

Next Story