Top

മഹാരാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേക്ക്; ഹർജി നൽകി ഏക്നാഥ് ഷിൻഡെ

26 Jun 2022 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേക്ക്; ഹർജി നൽകി ഏക്നാഥ് ഷിൻഡെ
X

മുംബൈ: ഒരാഴ്ചയോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടി വിമതർ സുപ്രീംകോടതിയെ സമീപിച്ചു. ഡെപ്യൂട്ടി സ്പീക്കർ എംഎൽഎമാരെ അയോഗ്യരാക്കുന്നതിനെതിരെ ഏക്‌നാഥ് ഷിൻഡെ ഹർജി നൽകി. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് നാളെ വാദം കേൾക്കും.

അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർക്ക് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. ഇതിനിടെയാണ് ഷിൻഡെ ക്യാമ്പിന്റെ നീക്കം.

സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണ ഷിൻഡെ അവകാശപ്പെടുന്നുണ്ട്. അതിനിടെ മഹാരാഷ്ട്ര മന്ത്രി ഉദയ് സാവന്താണ് ഷിൻഡെക്കൊപ്പം ചേർന്നു. വിമതർക്കൊപ്പം ചേരുന്ന എട്ടാമത്തെ മന്ത്രിയാണ് ഉദയ് സാവന്ത്. തർക്കങ്ങൾക്കിടയിലും തങ്ങൾ പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നാണ് ഷിൻഡെ ക്യാമ്പ് പറയുന്നത്. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ശിവസേന.

ബിജെപിയുമായി ശിവസേന സഖ്യം ചേരണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷിൻഡെ വ്യക്തമാക്കിയിട്ടുമുണ്ട്. എൻസിപിയും കോൺ​ഗ്രസും ശിവസേനയുടെ പരമ്പരാ​ഗത ശത്രുക്കളാണ്. അതിനാൽ 'സ്വാഭാവിക' സഖ്യത്തിന് ഉദ്ധവ് താക്കറെ തയ്യാറാവണമെന്ന് വിമത എംഎൽഎ ചിമാൻ റാവു പറയുന്ന വീഡിയോ ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്.

STORY HIGHLIGHTS: Maharashtra Crisis Eknath Shinde Filed the Petition in Supreme Court

Next Story