Top

ഏക്‌നാഥ് ഷിൻഡെ ശിവസേന വിമതർക്കൊപ്പം മുംബൈയിലെത്തി; നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്

2 July 2022 6:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏക്‌നാഥ് ഷിൻഡെ ശിവസേന വിമതർക്കൊപ്പം മുംബൈയിലെത്തി; നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്
X

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാരും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗോവയിൽ നിന്നും മുംബെെയിലെത്തി. മഹാരാഷ്ട്രയിൽ നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് വിമത എംഎൽഎമാർ മുംബൈയിലെത്തിത്.

ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയും എംഎൽഎമാരും ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചത്. അസമിലെ ഗുവാഹത്തിയിൽ നിന്ന് എത്തിയ മഹാരാഷ്ട്ര നിയമസഭാംഗങ്ങൾ ബുധനാഴ്ച രാത്രി മുതൽ ഹോട്ടലിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഗോവയിൽ നിന്ന് വിമാനമാർഗ്ഗം എത്തിയ എംഎൽഎമാർ മുംബൈയിലെ താജ് പ്രസിഡൻറ് ഹോട്ടലിലേക്കാണ് എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നാളെ നിയമസഭയിലേക്ക് ഇരു കൂട്ടരും ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശിവസേനയുടെ എല്ലാ പദവികളിൽ നിന്നും ഏക്‌നാഥ് ഷിൻഡെയെ പുറത്താക്കിയതിന് പിന്നാലെയാണിത്. ഷിൻഡെ സ്വമേധയാ തന്റെ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയായിരുന്നുവെന്നും താക്കറെ അറിയിച്ചു. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ശിവസേന നേതാവ് എന്ന പദവിയിൽ നിന്ന് ഷിൻഡെയെ നീക്കം ചെയ്യുകയാണെന്ന് താക്കറെ ഒപ്പുവെച്ച കത്തിൽ പറയുന്നു. അതേസമയം താൻ ഇപ്പോഴും ശിവസേന നേതാവാണെന്നും, ന്യൂനപക്ഷമായ താക്കറെ ക്യാമ്പിന് തന്നെ പുറത്താക്കാനാകില്ലെന്നും ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു.

നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മത്സരിക്കുന്നത് ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയുമാണ്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർത്ഥിയായ രാജൻ സാൽവിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎൽഎമാർക്ക് ശിവസേന വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, വിപ്പ് നിയമപരമല്ലെന്നാണ് വിമത എംഎൽഎമാർ ആരോപിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

STORY HIGHLIGHTS: Maharashtra CM Eknath Shinde arrives in Mumbai from Goa with Sena rebels

Next Story