Top

ഔറം​ഗബാദിന്റേയും ഒസ്മനാബാദിന്റേയും പേര് മാറ്റി; ഹിന്ദുത്വ തീവ്രത കാണിക്കാൻ ഉദ്ധവിന്റെ അവസാന നമ്പർ, ഒന്നും മിണ്ടാതെ കോൺഗ്രസും എൻസിപിയും

29 Jun 2022 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഔറം​ഗബാദിന്റേയും ഒസ്മനാബാദിന്റേയും പേര് മാറ്റി; ഹിന്ദുത്വ തീവ്രത കാണിക്കാൻ ഉദ്ധവിന്റെ അവസാന നമ്പർ, ഒന്നും മിണ്ടാതെ കോൺഗ്രസും എൻസിപിയും
X

മുംബൈ: രാജി വെച്ചിറിങ്ങുന്നതിന് തൊട്ട് മുൻപും ഹിന്ദുത്വ ആഭിമുഖ്യം വ്യക്തമാക്കി ഉദ്ധവ് താക്കറെ. സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് ചില നിർണായ തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേര് മാറ്റുന്നതിന് അംഗീകാരം നൽകി. ഔറഗാംബാദിന്റെ പേര് സംഭാജിനഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി ബി പാട്ടീലിന്റെ പേര് നൽകാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന് അം​ഗീകാരം ലഭിച്ചത്. മറാത്താ പാരമ്പര്യത്തിന്റെ യഥാർഥ വക്താക്കളാണ് ശിവസേനയെന്നു തെളിയിക്കുന്നതിന്റെ ഭാഗമാണു ദീർഘനാളായുള്ള സേനയുടെ ആവശ്യം അംഗീകരിച്ച മന്ത്രിസഭാ തീരുമാനം. ഇതിലൂടെ ശിവസേന മുന്നോട്ട് വയ്ക്കുന്ന മണ്ണിൻ്റെ മക്കൾ വാദത്തിലും ഹിന്ദുത്വ നയങ്ങളിലും താൻ ഉറച്ചു നിൽക്കും എന്ന സന്ദേശമാണ് താക്കറെ നൽകുന്നത്.

മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. സംഭാജിയുടെ കാലത്താണ് മുഗൾ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തിൽ മുഗളന്മാർ മറാത്ത രാജവംശത്തിനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 1689ൽ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി. മുഗൾ രാജാവായിരുന്ന ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്.

സംഭാജിയെ വധിക്കാൻ ഉത്തരവ് നൽകിയ ഔറംഗസീബാണ് പതിനേഴാം നൂറ്റാണ്ടിൽ ഔറംഗബാദിന് ആ പേര് നൽകിയത്. സംഭാജിയുടെ പേര് മാറ്റണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമാണ്. പേരുമാറ്റുന്നത് "രാഷ്ട്രീയ അജണ്ടയാകരുത്" എന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും സഖ്യകക്ഷിയായ കോൺഗ്രസ് ഇന്ന് ഈ നീക്കത്തെ പിന്തുണച്ചു. വിമത നേതാവ് ഏക്നാഥ് ഷിൻഡെ, ശിവസേന പ്രത്യേയശാസ്ത്രത്തിൽനിന്ന് വ്യതിചലിക്കുകയാണെന്ന ആരോപണം ഉയർത്തുന്ന സമയത്തു തന്നെ ഉദ്ധവ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചത് പ്രതിഷേധക്കാരെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

STORY HIGHLIGHTS: Maharashtra cabinet approved renaming of Aurangabad to Sambhajinagar and Osmanabad to Dharashiv

Next Story