തമിഴ്നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവ നിരോധിച്ചുകൊണ്ടുളള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി
25 Jan 2023 3:41 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചിറക്കിയ വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. 2018ൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പുറത്തിറക്കിയ വിജ്ഞാപനമാണ് റദ്ദാക്കിയത്. ഗുഡ്ക ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം(എഫ്എസ്എസ്എ) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ചില അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്താനുളള പരിമിത അധികാരം മാത്രമേ പ്രസ്തുത നിയമം നൽകുന്നുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേർത്തു. കമ്മീഷണർ തുടർച്ചയായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ അവരുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും അതിനാൽ 2018-ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20-ന് പുറത്തിറക്കിയ ഉത്തരവിൽ കോടതി വ്യക്തമാക്കി.
2013-ൽ തമിഴ്നാട് സർക്കാർ ഗുഡ്ക, പാൻമസാല ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കും നിർമ്മാണത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സമാന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പുകയില ഉൽപന്ന നിർമാതാക്കളും ഭക്ഷ്യസുരക്ഷാ വകുപ്പും നൽകിയ ഹർജികളും അപ്പീലുകളും പരിഗണിച്ചാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.
STORY HIGHLIGHTS: Madras high court quashes notification banning sale of gutkha in Tamil Nadu