Top

ഡൽഹിയിൽ 173 പശുക്കളിൽ ലംപി വൈറസ് ബാധ; വ്യാപനം തടയുന്നതിന് നടപടികൾ ആരംഭിച്ചെന്ന് മന്ത്രി

കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ അണുബാധയാണ് ലംപി ത്വക്ക് രോഗം

11 Sep 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹിയിൽ 173 പശുക്കളിൽ ലംപി വൈറസ് ബാധ; വ്യാപനം തടയുന്നതിന് നടപടികൾ ആരംഭിച്ചെന്ന് മന്ത്രി
X

ന്യൂഡൽഹി: തലസ്ഥാനത്തും കന്നുകാലികളിൽ ലംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലെ വടക്ക് പടിഞ്ഞാറ് മേഖലകളിലായി 173 പശുക്കളിൽ ലംപി വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് മന്ത്രി ​ഗോപാൽ റായ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വൈറസ് ബാധയേറ്റ് പശുക്കൾ ചത്തതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

'​ഗോയൽ ഡയറിയിലെ 45 പശുക്കൾക്കും, കാൺപൂർ ഭാ​ഗത്ത് 40 പശുക്കൾക്കും, ​ഗുമാൻഹേഡയിൽ 21, നജഫ്ഗഡിൽ 16 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശുക്കളിൽ അണുബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും' മന്ത്രി പറഞ്ഞു.

അണുബാധ പടരുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്റിനറി ക്ലിനിക്കുകളും പ്രത്യേക ഐസൊലേഷൻ വാർഡും തുറന്നിട്ടുണ്ട്. എമർജൻസി ഹെൽപ്പ് ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഗോപാൽ റായ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും, സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ശനിയാഴ്ച സർക്കാർ യോ​ഗം ചേർന്നിരുന്നു.

കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ അണുബാധയാണ് ലംപി ത്വക്ക് രോഗം. ഈച്ച, കൊതുകുകൾ എന്നിവ വഴിയാണ് ഈ രോ​ഗം പശുക്കളിലേക്ക് പകരുന്നത്. ഈ വൈറസ് ബാധിക്കുന്ന കന്നുകാലികൾക്ക് പനിയും ചർമ്മത്തിൽ കുരുക്കളും ഉണ്ടാകും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. നിലവിൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കന്നുകാലികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Lumpy Virus Confirmed in Delhi Over 173 Cows

Next Story