Top

വിമതരെ സ്‌നേഹിച്ച് കീഴ്‌പ്പെടുത്തൂയെന്ന് അമിത് ഷാ; ഗുജറാത്തില്‍ 'ടിഎല്‍സി' അടവ് പയറ്റി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ 180ല്‍ 160 സീറ്റുകളിലാണ് ബിജെപിക്കെതിരെ വിമതപ്പട രംഗത്തുള്ളത്

15 Nov 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമതരെ സ്‌നേഹിച്ച് കീഴ്‌പ്പെടുത്തൂയെന്ന് അമിത് ഷാ; ഗുജറാത്തില്‍ ടിഎല്‍സി അടവ് പയറ്റി ബിജെപി
X

അഹമ്മദാബാദ്: ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തവര്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്‌നേഹത്തോടും അനുകമ്പയോടും കൂടി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് അനുസരിച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് പാര്‍ട്ടി. ചില സ്ഥാനാര്‍ത്ഥിത്വത്തെ ചൂണ്ടിക്കാട്ടി ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 180ല്‍ 160 സീറ്റുകളിലാണ് ബിജെപിക്കെതിരെ വിമതപ്പട രംഗത്തുള്ളത്. നിലവിലുണ്ടായിരുന്ന 38 എംഎല്‍എമാരെയാണ് ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇവരടക്കമുള്ളവരെ അനുനയിപ്പിക്കാനായാണ് പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ചിരിക്കുന്നത്.

27 വര്‍ഷമായി സംസ്ഥാനത്ത് അധികാരം തുടരുന്ന ബിജെപി മോര്‍ബി തൂക്കുപാലം തകര്‍ന്നതടക്കം വലിയ വെല്ലുവിളികളാണ് തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വിമത സ്വരം ബിജെപിക്ക് വലിയ തലവേദനയാകും സൃഷ്ടിക്കുക. നാല് വിമത നേതാക്കളുമായി സംസ്ഥാന ആഭ്യന്തരമന്തി ഹര്‍ഷ് സംഗ്‌വി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയിരുന്നില്ല.

നിലവില്‍ ഗുജറാത്തിലുള്ള അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. വിമതര്‍ക്ക് ബിജെപിയുമായി ദീര്‍ഘകാലമായി ബന്ധമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവരോട് സ്‌നേഹത്തോടും കരുണയോടും കൂടി ഇടപെടണമെന്നും അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് പറഞ്ഞു.

ആറുതവണ എംഎല്‍എയായിരുന്ന മധുഭായ് ശ്രീവാസ്തവ് സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പ്രേരണയാല്‍ ബിജെപിയില്‍ ചേര്‍ന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 12 ന് തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് വിമത ശല്യം നേരിടേണ്ടി വന്നിരുന്നു. 68 സീറ്റില്‍ 21 വിമതരാണ് പാര്‍ട്ടിക്കെതിരെ മത്സരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഫോണിലൂടെ സംസാരിച്ചിട്ടും ഒരു വിമതന്‍ പിന്മാറിയിരുന്നില്ല. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് വിമത ശല്യം പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് തൃകോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ വോട്ടുവിഹിതവും സീറ്റും വര്‍ധിപ്പിച്ച കോണ്‍ഗ്രസ് വലിയ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പില്‍ വെക്കുന്നത്. വലിയ പ്രാരണങ്ങളുമായി ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് സജീവമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സൗഹൃദ മത്സരമാണെന്നാണ് എഎപി ആരോപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 ഉം കോണ്‍ഗ്രസിന് 77 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ കൂറുമാറ്റങ്ങള്‍ ബിജെപിയെ 111 ല്‍ എത്തിച്ചു. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Story highlights: love and compassion formula to rebels suggested by Amit Shah in Gujarat election

Next Story