Top

ആംആദ്മി പാര്‍ട്ടിയെ കൂടാതെ നിരവധി ചെറുപാര്‍ട്ടികള്‍ ഗുജറാത്തില്‍ മത്സരത്തിന്; ബിജെപിക്ക് ഗുണകരമായേക്കും

14 Sep 2022 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആംആദ്മി പാര്‍ട്ടിയെ കൂടാതെ നിരവധി ചെറുപാര്‍ട്ടികള്‍ ഗുജറാത്തില്‍ മത്സരത്തിന്; ബിജെപിക്ക് ഗുണകരമായേക്കും
X

ഗാന്ധിനഗര്‍: ആംആദ്മി പാര്‍ട്ടിയെയും ശങ്കര്‍ സിങ് വഗേലയുടെ പ്രജാശക്തി ഡോമോക്രാറ്റിക് പാര്‍ട്ടിയെയും കൂടാതെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ലോക്ജനശക്തി പാര്‍ട്ടി( രാം വിലാസ്)ഉം. ഒട്ടുമേ ഇല്ലാത്ത, അല്ലെങ്കില്‍ കുറഞ്ഞ ജനസ്വാധീനമുള്ള ഈ പാര്‍ട്ടികള്‍ എത്ര ഭരണവിരുദ്ധ വോട്ടുകള്‍ നേടുമെന്ന വലിയ ചോദ്യം രാഷ്ട്രീയ വൃത്തങ്ങൡ ഉയര്‍ന്നു കഴിഞ്ഞു.

ലോക്ജന ശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ചൊവ്വാഴ്ച രാത്രിയാണ് ഗുജറാത്തിലെത്തിയത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് ചിരാഗിന്റെ പ്രഖ്യാപനം. ബുധനാഴ്ച സൂറത്തില്‍ വെച്ച് അമിത് ഷായെ ചിരാഗ് സന്ദര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയേക്കാള്‍ 22 സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായിരുന്നത്. ഇതില്‍ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് 3000 വോട്ടുകള്‍ക്ക് താഴെ ഭൂരിപക്ഷത്തിനാണ്. അതില്‍ തന്നെ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടത് 1000 വോട്ടിന് താഴെയുമാണ്.

ബിജെപിയാണെങ്കില്‍ 16 സീറ്റുകളില്‍ വിജയിച്ചത് 2000 വോട്ടിന് താഴെ ഭൂരിപക്ഷത്തിനാണ്. അത്തരമൊരു കടുത്ത മത്സരം നടക്കുമ്പോള്‍ വോട്ട് പിടിച്ചെടുക്കുന്നതില്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും റോള്‍ വലുതാണ്. അറിയപ്പെടാത്ത പാര്‍ട്ടികളും സ്വതന്ത്രരും അടക്കം നിരവധി സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ തവണ മത്സരിക്കാനുണ്ടായിരുന്നത്.

ബിഎസ്പി 139 സീറ്റില്‍ മത്സരിച്ചു. 0.69 ശതമാനം വോട്ടാണ് നേടിയത്. ഈ പാര്‍ട്ടികള്‍ക്കൊന്നും ഒരു സീറ്റ് പോലും നേടാനായില്ല. പക്ഷെ ഈ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്ക് പോകുന്ന ഓരോ വോട്ടും ഭരണകക്ഷിയെ പരോക്ഷമായി സഹായിക്കും.

ചെറുപാര്‍ട്ടികള്‍ മാത്രമല്ല ശക്തരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകള്‍ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനി പറഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 33% വോട്ട് ഉണ്ട്. ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച 1990ലും 2022ലും അതിന് താഴേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ജെപിയോ വഗേലയുടെ പാര്‍ട്ടിയോ തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തില്ല. കാരണം സംസ്ഥാനത്തെ മഹാരഥനായ ചിമന്‍ഭായ് പട്ടേലിന്റെ പ്രാദേശിക പാര്‍ട്ടിക്കോ, വിടപറഞ്ഞ കേശുഭായ് പട്ടേലിന്റെ ജിപിപിക്കോ വഗേലയുടെ ആര്‍ജെപിയ്‌ക്കോ സംസ്ഥാനത്തെ ജനങ്ങള്‍ മുന്‍പ് വോട്ട് ചെയ്തിട്ടില്ല. പക്ഷെ ആംആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും പരേഷ് ധനാനി പറഞ്ഞു.

'നഗരമേഖലകളില്‍ ആംആദ്മി പാര്‍ട്ടി ബിജെപിക്ക് നഷ്ടമുണ്ടാക്കും. ബിജെപിയുടെ വോട്ട് ബാങ്കായ നഗരവോട്ടര്‍മാര്‍ക്കാണ് ആംആദ്മി പാര്‍ട്ടിയോട് ഇഷ്ടം കൂടുതല്‍. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ ഗ്രാമീണ മേഖലകളില്‍ വളരെ ചെറിയ പ്രത്യാഘാതമുണ്ടാക്കാനേ ആംആദ്മി പാര്‍ട്ടിക്ക് കഴിയൂ', പരേഷ് ധനാനി പറഞ്ഞു.

Story Highlights: Lok Janshakti Party (Ram Vilas) has also announced that it will contest all seats in the Gujarat Assembly elections

Next Story