'സിംഹങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കൂ'; ഗിർ വന്യജീവി സങ്കേതത്തിലെ വിനോദ സഞ്ചാരത്തില്‍ ഗുജറാത്ത് ഹെെക്കോടതി
സങ്കേതത്തില്‍ ടൂറിസം നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
28 Nov 2021 8:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഹമ്മദാബാദ്: ടൂറിസ്റ്റ് വാഹനങ്ങളാല്‍ ചുറ്റപ്പെട്ട സിംഹത്തിന്റെ ചിത്രം വൈറലായതിന് പിന്നാലെ ഗിര്‍ വന്യജീവി സങ്കേതത്തിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം. സങ്കേതത്തിലെ സഫാരികളുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശിച്ച കോടതി സിംഹങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സങ്കേതത്തില്‍ ടൂറിസം നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്ത പക്ഷം കോടതി ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് നിരാല്‍ മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് നല്കി. ഗിര്‍വനത്തിലെ ഗിര്‍നാറില്‍ പുതിയ വിനോദസഞ്ചാരമേഖല തുറക്കുന്നതിനെതിരായി പൊതുതാല്പര്യഹര്ജി പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍.
ഇരതേടാന്‍ ശേഷിയില്ലാത്ത സിംഹങ്ങളെയാണ് സഫാരിക്കായി അനുവദിക്കുന്നതെന്ന സര്‍ക്കാരിന്റെ വാദവും കോടതി തള്ളി. ഇത്തരം 'ലയണ്‍ ഷോ'കള്‍ കാട്ടില്‍ ഇരതേടാനുള്ള മൃഗങ്ങളുടെ താത്പര്യം ഇല്ലാതാക്കിയേക്കാമെന്ന ആശങ്ക ജസ്റ്റിസ് മേത്ത പങ്കുവെച്ചു. വേട്ടയാടാനുള്ള ശേഷി നഷ്ടപ്പെടുന്ന സിംഹങ്ങള്‍ വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്ന അവസ്ഥയുണ്ടാകും. ഇപ്പോള്‍ത്തന്നെ അവ പട്ടണങ്ങളില്‍ ഇറങ്ങിത്തുടങ്ങിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗിറില്‍ കൂടുതല്‍ സഫാരികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിനെതിരെ ഒരു സന്നദ്ധസംഘടനയാണ് പൊതുതാത്പര്യ ഹർജിയുമായി ഹെെക്കോടതിയെ സമീപിച്ചത്. സങ്കേതത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നീരീക്ഷണം വേണമെന്ന് പൊതുതാത്പര്യ ഹര്‍ജിക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഹൃദയ് ബുച്ച് ആവശ്യപ്പെട്ടു.