Top

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കില്ല; ഭരണഘടന ബഞ്ചിലെ വാദം തുടരുന്നതിനാല്‍ കേസ് വീണ്ടും മാറ്റി

ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് മാറ്റിവെച്ചിട്ടുള്ളത്

13 Sep 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കില്ല; ഭരണഘടന ബഞ്ചിലെ വാദം തുടരുന്നതിനാല്‍ കേസ് വീണ്ടും മാറ്റി
X

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ തുടരുകയാണ്.

ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് മാറ്റിവെച്ചിട്ടുള്ളത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇനി കേസ് മാറ്റരുതെന്ന നിര്‍ദേശം നല്‍കി ഇന്ന് കേസ് പരിഗണിക്കാനിരുന്നത്.

1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്എന്‍സി എന്ന കനേഡിയന്‍ കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

Story highlights: Lavlin case will not be heard today; The case was adjourned again as the hearing continued in the Constitution Bench

Next Story