Top

ആരോ​ഗ്യസ്ഥിതി മോശം; ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി

ലാലു പ്രസാദ് യാദവിന്റെ ഹൃദയത്തിനും വൃക്കയ്ക്കും തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്.

22 March 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോ​ഗ്യസ്ഥിതി മോശം; ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി
X

ഡൽഹി: ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ (73) ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലാലു പ്രസാദ് യാദവിന്റെ ഹൃദയത്തിനും വൃക്കയ്ക്കും തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്.

മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഡൽഹിയിലേക്ക് മാറ്റിയതെന്ന് രാജേന്ദ്ര മെഡിക്കൽ സയൻസിലെ ഡയറക്ടർ കാമേശ്വർ പ്രസാദ് പറഞ്ഞു. കാലിതീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവ് നൽകിയ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു.

കാലിതീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ കോടതി 2013ൽ അഞ്ച് വർഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. 60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 15ന് സിബിഐ കോടതി കണ്ടെത്തി. ഡൊറൻഡ ട്രഷറിയിൽ നിന്നും 139.35 കോടി രൂപ അനധികൃതമായി ലാലു പ്രസാദ് പിൻവലിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്.

950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണമാണ് ലാലു പ്രസാദ് യാദവ് നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് നിലവിലുളളത്. ആറ് കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. ഈ അഞ്ച് കേസിലും ലാലു കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. സർക്കാർ ട്രഷറികളിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതായിരുന്നു കേസ്.

1996 ജനുവരിയിൽ ഡെപ്യൂട്ടി കമ്മീഷ്ണർ ചൈബാസ അമിത് ഖാരെ ക്ഷീര വികസന വകുപ്പിൽ നടത്തിയ റെയ്ഡിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 1996 മാർച്ചിൽ പാട്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തിരുന്നു. 1997 കേസിൽ ലാലു പ്രസാദ് യാദവിന്റെ പേര് ഉൾപ്പടുത്തി കൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ പ്രതിയായിരുന്ന മുൻമുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പിന്നീട് കോടതി വെറുതെവിട്ടു. 1995-1996 കാലഘട്ടങ്ങളിൽ വ്യാജ രേഖ ഉപയോ​ഗിച്ച് ബിഹാറിലെ ധുംക്ക ട്രഷറിയിൽ നിന്ന് മൂന്ന് കോടിയിൽ അധികം രൂപ ലാലു പ്രസാദ് തട്ടിയെടുത്തുവെന്നാണ് അന്ന് സിബിഐ കോടതി കണ്ടെത്തിയത്. കേസിൽ ലാലുവും ജഗന്നാഥ മിശ്രയും ഉൾപ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്.

STORY HIGHLIGHTS: Shifted Lalu Prasad Yadav to Delhi AIIMS om the base of Health Condition is poor

Next Story