Top

കര്‍ഷകരുടെ വീടുകള്‍ ഒഴിവാക്കി യുപി മന്ത്രിയുടെ ലഖിംപൂര്‍ സന്ദര്‍ശനം; കണ്ടത് ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ മാത്രം

14 Oct 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷകരുടെ വീടുകള്‍ ഒഴിവാക്കി യുപി മന്ത്രിയുടെ ലഖിംപൂര്‍ സന്ദര്‍ശനം; കണ്ടത് ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തെ മാത്രം
X

കര്‍ഷകര്‍ക്കിടയിലേക്ക് വാഹമിടിച്ച് കയറ്റി മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട ലംഖിപൂരിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും യോഗി സര്‍ക്കാറിലെ നിയമ മന്ത്രിയുമായ ബ്രിജേഷ് പഥക് ഉള്‍പ്പെട്ട സംഘമാണ് ലംഖിംപൂര്‍ സന്ദര്‍ശിച്ചത്. ഇതാദ്യമായാണ് ബിജെപി നേതാക്കള്‍ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നത്.

എന്നാല്‍, ലഖിംപൂരില്‍ കൊല്ലപ്പെട്ട രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ മാത്രമായിരുന്നു ബിജെപി നേതാവും സംഘവും സന്ദര്‍ശിച്ചത്. ബിജെപി പ്രവര്‍ത്തകന്‍ ശുഭം മിശ്ര, അജയ് മിശ്രയുടെ ഡ്രൈവര്‍ ഹരി ഓം മിശ്ര ഇരുവരുടെയും കൂടുംബങ്ങളെ കണ്ട ശേഷം മന്ത്രി മടങ്ങി. അടുത്ത പ്രദേശങ്ങളിലുള്ള കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെയോ മാധ്യമ പ്രവര്‍ത്തന്റെ ബന്ധുക്കളെയോ കാണാനും മന്ത്രി തയ്യാറായില്ല. കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ സ്ഥലവും മന്ത്രി സന്ദര്‍ശിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ലംഖിംപൂരില്‍ കൊല്ലപ്പെട്ട മറ്റ് ബിജെപി പ്രവര്‍ത്തകരായ നിഷാദ് കശ്യപ് എന്നിവരുടെ വീടുകള്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്താണ്. പ്രദേശത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ അവരെ പോയി കാണുമെന്നും അദ്ദേഹം പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെയും സന്ദര്‍ശിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, മന്ത്രിയുടെ സന്ദര്‍ശനം വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മന്ത്രിയുടെ സന്ദര്‍ശനം വളരെ നേരത്തെയായിപ്പോയി എന്ന് സംയുക്ത കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വിമര്‍ശിച്ചു.

Next Story