Top

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്

അമിതവേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധമൂലം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പിന്‍വലിച്ചാണ് എഫ്‌ഐആര്‍ പുതുക്കിയത്.

15 Dec 2021 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്
X

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്. കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്.

അമിതവേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധമൂലം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പിന്‍വലിച്ചാണ് എഫ്‌ഐആര്‍ പുതുക്കിയത്. കേസിലുള്‍പ്പെട്ട മറ്റ് 12 പ്രതികള്‍ക്കെതിരേയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കര്‍ഷകരെ മനപൂര്‍വം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുളള വകുപ്പുകള്‍ ആശിഷ് മിശ്രയ്‌ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റിലെ ഇരു സഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ആവശ്യം തളളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Next Story