Top

ലഖിംപുര്‍ ഖേരി: ഒരാള്‍ കൂടി പിടിയില്‍, അറസ്റ്റിലായത് വാഹനവ്യൂഹത്തിലെ മറ്റൊരു ഡ്രൈവര്‍

13 Oct 2021 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപുര്‍ ഖേരി: ഒരാള്‍ കൂടി പിടിയില്‍, അറസ്റ്റിലായത് വാഹനവ്യൂഹത്തിലെ മറ്റൊരു ഡ്രൈവര്‍
X

ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എസ്‌യുവി ഡ്രൈവര്‍ അറസ്റ്റില്‍. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറായിരുന്ന ശേഖര്‍ ഭാരതി എന്നായളാണ് അറസ്റ്റിലായത്. കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ച വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന കാറാണ് ഇയാള്‍ ഓടിച്ചിരുന്നത്. ആശിഷ് മിശ്രയുടെ അടുത്ത സഹായിയായ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇയാള്‍ ഓടിച്ചിരുന്ന വാഹനമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതേസമയം, ലഖിംപുര്‍ ഖേരി കര്‍ഷക കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് ശേഖര്‍ ഭാരതി എന്നയാളുടെ അറസ്റ്റ്.

കേസില്‍ ക്രൈംബ്രാഞ്ച് നടപടികള്‍ പുരോഗമിക്കെ വാഹനങ്ങളില്‍ ഒന്നില്‍ ഉണ്ടായിരുന്ന ജീപ്പിനു പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഉടമയായ അങ്കിത് ദാസ് കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കി. ആശിഷിന്റെ സുഹൃത്തായ ഇയാള്‍ മുന്‍ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ മരുമകനുമാണ്. അതിനിടെ, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കര്‍ഷകര്‍. പിതാവിനെയും മകനെയും ആഗ്ര ജയിലില്‍ അടയ്ക്കണം ഇല്ലങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചു.

Popular Stories

    Next Story