ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബവും ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
5 March 2022 8:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി മാര്‍ച്ച് 11ന് വാദം കേള്‍ക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബവും ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസില്‍ ആശിഷ് മിശ്രയൊടൊപ്പം കുറ്റാരോപിതരായ മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങവെയാണ് മുതിര്‍ന്ന അിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. ഇത്തരം കേസുകളില്‍ പരിഗണിക്കുന്ന നിയമപരമായ ചില മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രശാന്ത് ഭൂഷണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വാധീനശക്തിയുള്ളവരാണ് കുറ്റാരോപിതരെങ്കില്‍ തെളിവുനശിപ്പിക്കുകയും നിയമത്തില്‍ നിന്ന് കടന്നുകളയുകയും ചെയ്യുമെന്ന വസ്തുത പരിഗണിക്കാതെയാണ് കേന്ദ്രമന്ത്രിയുടെ മകന് കൂടിയായ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രശാന്ത ഭൂഷണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനേത്തുടര്ന്ന് നാലുകര്ഷരുള്പ്പടെ എട്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്. ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി റദ്ദാക്കണമെന്നാശ്യപ്പെട്ട് അഭിഭാഷകരായ ശിവകുമാര്‍ ത്രിപാഠി, സിസെ പാണ്ഡെ എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത അഭിഭാഷകരുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ലഖീംപ്പൂര്‍ ഖേരി കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.